കലാപമുണ്ടാക്കാൻ ശ്രമിക്കുന്നത് ആരെന്ന് ജനങ്ങൾക്കറിയാം -ഉമ്മൻ ചാണ്ടി

കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മറുപടി. കലാപമുണ്ടാക്കാൻ ശ്രമിക്കുന്നത് ആരെന്ന് ജനങ്ങൾക്കറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എമ്മിന്‍റെ അക്രമരാഷ്ട്രീയം ജനങ്ങൾ തള്ളിയതാണ് . ജാള്യത മറക്കാനാണ് അനാവശ്യവിവാദങ്ങളെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.

തനിക്കെതിരെ 32 കേസുകളുണ്ടെന്ന് പറഞ്ഞത് തെളിയിക്കാൻ പറ്റാത്തതിന്‍റെ ജാള്യത മറയ്ക്കാനാണ് വി.എസിന്‍റെ ശ്രമമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

മുഖ്യമന്ത്രി പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്നും അഴിമതി ആരോപിക്കുന്നവരെ ജനം തെരുവിൽ നേരിടുമെന്ന പ്രസ്താവന ഇതിന് തെളിവാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.

അതേസമയം, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ നിരവധി കേസുകളുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍റെ പ്രസംഗത്തിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ടക്കേസിൽ രേഖകൾ സമർപ്പിക്കാൻ അഡീഷനൽ ജില്ലാ കോടതി 12 വരെ വി.എസിന് സമയം അനുവദിച്ചു.

ഹരജി പരിഗണിച്ചപ്പോൾ തന്നെ വി.എസിന്‍റെ വാദം കേൾക്കണമെന്നും എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്നും വിഎസിന്‍റെ അഭിഭാഷകർ പറഞ്ഞു. പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി അഭിഭാഷകൻ മുഖേന അറിയിച്ച വിഎസ്, ലോകായുക്തയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കാണപ്പെട്ട ഉമ്മൻ ചാണ്ടി കക്ഷിയായ 12 കേസുകളുടെ വിശദാംശവും കോടതിയിൽ പറഞ്ഞു. മലമ്പുഴയിൽ സ്ഥാനാർഥി ആയതിനാൽ വിവരങ്ങൾ ബോധ്യപ്പെടുത്താൻ രണ്ടാഴ്ച സമയം അനുവദിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. എന്നാൽ ലോകായുക്തയിൽ ഒരു കേസും നിലവിലില്ലെന്നും രണ്ടാഴ്ച അനുവദിക്കുന്നതു തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന മുഖ്യമന്ത്രിയെ ബാധിക്കുമെന്നും മുഖ്യമന്ത്രിയുടെ അഭിഭാഷകൻ വാദിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.