ലക്ഷ്യം ബി.ജെ.പി ഇല്ലാത്ത അസംബ്ളി –ആന്‍റണി


തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണെന്നും യു.ഡി.എഫും കോണ്‍ഗ്രസും ലക്ഷ്യമിടേണ്ടത് ബി.ജെ.പിയില്ലാത്ത കേരള അസംബ്ളി ആയിരിക്കണമെന്നും എ.കെ. ആന്‍റണി. കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഴ്ചകള്‍ക്കുമുമ്പ് എല്‍.ഡി.എഫിന് നേരിയ മുന്‍തൂക്കമുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ ഇരുമുന്നണിയും ഒപ്പത്തിനൊപ്പമാണ്. ശേഷിക്കുന്ന ദിവസങ്ങളില്‍ ആഞ്ഞുപിടിച്ചാല്‍ യു.ഡി.എഫിന് ജയിക്കാം. എന്നാല്‍, അമിത ആത്മവിശ്വാസം വേണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരോടായി ആന്‍റണി പറഞ്ഞു.
പാര്‍ട്ടി വളരാനുള്ള പ്രധാനമാര്‍ഗമായി ബി.ജെ.പി കാണുന്നത് വര്‍ഗീയധ്രുവീകരണമാണ്. ഇതിനുപിന്നിലെ അപകടം കേരളീയര്‍ തിരിച്ചറിയണം. കണ്ണിലെ കൃഷ്ണമണിപോലെ കേരളത്തിലെ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കണം. കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന ലക്ഷ്യം നേടിയെടുക്കാന്‍ ഇവിടെയും കോണ്‍ഗ്രസിന്‍െറ തകര്‍ച്ചയാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാറിനെ വീണ്ടും അധികാരത്തിലത്തെിക്കാതിരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ ബി.ജെ.പിക്ക് സാന്നിധ്യമില്ലാത്ത കേരള അസംബ്ളിയായിരിക്കണം കോണ്‍ഗ്രസും യു.ഡി.എഫും ലക്ഷ്യമാക്കേണ്ടത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ വികസനനേട്ടങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഭരണത്തുടര്‍ച്ച ഉണ്ടാകണം. വികസന കാര്യത്തില്‍ സി.പി.എം നയം പഴഞ്ചനാണ്. കണ്ടാലും കൊണ്ടാലും തീരാതെ കണക്കുതീര്‍ക്കലിനെപ്പറ്റിയാണ് സി.പി.എമ്മും ബി.ജെ.പിയും പറയുന്നത്. അവര്‍ വിചാരിച്ചാല്‍ ഇവിടെ രാഷ്ട്രീയക്കൊലകള്‍ അവസാനിക്കും. നേമം ഉള്‍പ്പെടെ കേരളത്തിലെ ഒരു സീറ്റിലും ബി.ജെ.പി വിജയിക്കില്ല. ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യം ഇരുകൂട്ടര്‍ക്കും നഷ്ടമായിരിക്കും. ഈ സഖ്യം തദ്ദേശഭരണ തെരഞ്ഞെടുപ്പിനെക്കാളും ഇത്തവണ ദുര്‍ബലമായിരിക്കും. 
കോണ്‍ഗ്രസുകാര്‍ക്ക് ഇത് പിണക്കങ്ങള്‍ക്കുള്ള സമയമല്ല. തെരഞ്ഞെടുപ്പില്‍ വ്യക്തിയല്ല മുന്നണിയും നയവുമാണ് പ്രധാനം. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ അവസാന മന്ത്രിസഭാ യോഗങ്ങളില്‍ കൈക്കൊണ്ട ചില തീരുമാനങ്ങളില്‍ അപാകതയുണ്ടെന്ന് കണ്ടപ്പോള്‍ പിന്‍വലിച്ചു. ആരോടെങ്കിലും ബാധ്യതയുണ്ടായിരുന്നെങ്കില്‍ അവ പിന്‍വലിക്കാന്‍ കഴിയില്ലായിരുന്നെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.