മഹാത്മാവായ ബുദ്ധരുടെ പ്രകാശ പൂർണമായ രശ്മികൾ രാമായണത്തിലെ ജാബാലി - രാമ സംവാദത്തിൽ നിലീനമായിരിക്കുന്നുണ്ട്. രാമൻ ബുദ്ധനെ ചോരൻ എന്നാണ് ഇതിൽ അഭിസംബോധന ചെയ്യുന്നത് - "യഥാഹി ചോര: സ തഥാ ഹി ബുദ്ധ / സ്തഥാഗതം നാസ്തികമത്ര വിദ്ധി" (വാ. രാ. അയോദ്ധ്യാ കാണ്ഡം, 109. 34). പ്രജകൾ ഏറ്റവും സംശയത്തോടെ വീക്ഷിക്കേണ്ടവരും, അഭിജ്ഞന്മാർ മുഖം നൽകാൻ ആഗ്രഹിക്കാത്തവരുമാണ് ബൗദ്ധരും നാസ്തികരുമെന്ന് രാമൻ പറഞ്ഞുവെക്കുന്നു (തസ്മാദ്‌ധി യ: ശങ്ക്യതമ: പ്രജാനാം /സ നാസ്തികേ നാഭിമുഖോ ബുധ: സ്യാത് ) അഷ്ടകം മുതലായ പിതൃ ശ്രാദ്ധമൂട്ടൽ അന്നത്തിന്റെ വ്യർഥമായ ചെലവാണെന്നും, മരിച്ച ആൾ എങ്ങനെയാണ് ആഹാരം കഴിക്കുന്നത് എന്നും ജാബാലി രാമനോട് ചോദിക്കുന്നുണ്ട് (വാ. രാ. അയോദ്ധ്യാ കാണ്ഡം, 108. 14). യാഗം ചെയ്യുക, ദാനം ചെയ്യുക , തപസ്സ് ചെയ്യുക, എന്നെല്ലാം നിർദേശിക്കുന്ന ഗ്രന്ഥങ്ങൾ ദാനാദികളിൽ തൽപരരായവരുടെ സൃഷ്ടിയാണെന്നും ജാബാലി രാമനെ ഉപദേശിക്കുന്നു (വാ. രാ. അയോദ്ധ്യാ കാണ്ഡം, 108. 16). ജാബാലിയുടെ ഈ ആശയങ്ങളൊന്നും തന്നെ രാമൻ അംഗീകരിക്കുന്നില്ല.
ധർമത്തിന്റെ മാർഗത്തിൽ നിന്ന് തെറ്റി നാസ്തിക വഴിയിൽ സഞ്ചരിക്കുന്ന ജാബാലിയെ സ്വീകരിച്ച തന്റെ അച്ഛനായ ദശരഥന്റെ പ്രവൃത്തിയെ വിമർശിച്ച അദ്ദേഹം വസിഷ്ഠൻ ഉപദേശിച്ച പാതയിലാണ് രാമൻ വിശ്വസിക്കുന്നത്. ജാബാലി അവതരിപ്പിക്കുന്ന ഈ ആശയങ്ങളെല്ലാം ഇന്ത്യയിലെ ചാർവാകന്മാർ പ്രചരിപ്പിച്ചിരുന്നു എന്ന് മാധവന്റെ സർവദർശന സംഗ്രഹത്തിലെ ചാർവാക ദർശന ഭാഗം വായിച്ചാലറിയാം. സർവോപരി യാഗം, മൃഗബലി, തുടങ്ങിയവക്ക് എതിരായിരുന്നു ബുദ്ധൻ. യാഗസംസ്കാരത്തെ എതിർത്തുകൊണ്ടാണ് ബുദ്ധന്റെ ദർശനം ഉദയം ചെയ്തത്. ജാബാലി പറയുന്ന ആശയങ്ങൾ ബൗദ്ധരുടെയും നാസ്തികരുടെയും ആശയങ്ങളായതിനാലാണ് രാമൻ ബുദ്ധനെ ചോരൻ എന്ന് വിളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.