മാനനഷ്ടക്കേസ് തള്ളിയെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ അഭിഭാഷകൻ

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ടക്കേസ് കോടതി തള്ളിയെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ അഭിഭാഷകൻ. ഇടക്കാല ഉത്തരവിനായി ഫയൽ ചെയ്ത ഹരജിയിൽ വി.എസിന് ആക്ഷേപം സമർപിക്കാൻ കേസ് മെയ് 12ലേക്ക് മാറ്റിവെക്കുക മാത്രമാണുണ്ടായതെന്ന് അഡ്വ. എ.സന്തോഷ്കുമാർ അറിയിച്ചു. 

തെരഞ്ഞെടുപ്പ് കാലമായതിനാൽ മെയ് 16ന് മുമ്പ് കേസ് തീർപ്പാക്കണമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ ആവശ്യം. എന്നാൽ വി.എസ് തെരഞ്ഞെടുപ്പ് തിരക്കിലാണെന്നും കേസ് പഠിക്കാൻ കൂടുതൽ സമയം വേണമെന്നും അദ്ദേഹത്തിൻെറ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതേതുടർന്നാണ് തുടർവാദത്തിനായി കേസ് മാറ്റിവെച്ചത്. 

ധര്‍മടം നിയോജകമണ്ഡലത്തിലെ പ്രസംഗത്തിലും തുടര്‍ന്ന് അച്ചടി, ദൃശ്യ മാധ്യമങ്ങളിലും വി.എസ് നടത്തിയ ആരോപണം അടിസ്ഥാനരഹിതവും അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണെന്ന് തിരുവനന്തപുരം അഡീഷനല്‍ ജില്ലാ കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഉമ്മൻചാണ്ടിയുടെ ആരോപണം .ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍െറ ലംഘനമാണെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമീഷനും പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി 31 അഴിമതിക്കേസുകള്‍ നേരിടുകയാണെന്നും മന്ത്രിസഭാംഗങ്ങള്‍ക്കെതിരെ 136 കേസുകളുണ്ടെന്നുമുള്ള വി.എസിന്‍െറ ആരോപണമാണ് കേസിന് ആധാരം. കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ച ലേഖനം, പ്രസംഗത്തിന്‍െറ വിഡിയോ സീഡി എന്നിവ തെളിവായി ഹാജരാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.