ബാര്‍ അസോ. പ്രമേയം കേസ് അട്ടിമറിക്കാന്‍ –കെ.യു.ഡബ്ള്യു.ജെ

കോഴിക്കോട്: ജില്ലാ കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയും പൊലീസ് സ്റ്റേഷനില്‍ പൂട്ടിയിടുകയും ചെയ്ത ടൗണ്‍ എസ്.ഐ പി.എം. വിമോദിനെ ന്യായീകരിച്ച് കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പാസാക്കിയ പ്രമേയം വസ്തുതകള്‍ക്ക് നിരക്കാത്തതും കേസ് അട്ടിമറിക്കാനുള്ള ഗൂഢശ്രമത്തിന്‍െറ ഭാഗവുമാണെന്ന്  കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് കമാല്‍ വരദൂരും സെക്രട്ടറി എന്‍. രാജേഷും പ്രസ്താവനയില്‍ പറഞ്ഞു.

ശനിയാഴ്ച കോടതി വളപ്പിലുണ്ടായ സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായതായി ഡി.ജി.പി ലോക്നാഥ് ബെഹ്റതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരമേഖലാ എ.ഡി.ജി.പി സുദേഷ് കുമാറിന്‍െറ അന്വേഷണ റിപ്പോര്‍ട്ടിന്‍െറയും ഇന്‍റലിജന്‍സ് എ.ഡി.ജി.പി ആര്‍. ശ്രീലേഖയുടെ റിപ്പോര്‍ട്ടിന്‍െറയും അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. പൊലീസ് മേധാവിതന്നെ വീഴ്ചപറ്റിയതായി സമ്മതിക്കുമ്പോള്‍ എസ്.ഐയെ ന്യായീകരിക്കുന്ന ബാര്‍ അസോസിയേഷന്‍െറ നിലപാട് ദുരൂഹമാണ്. സംസ്ഥാനത്തിന്‍െറ പല ഭാഗത്തും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഏറ്റുമുട്ടിയപ്പോള്‍ കോഴിക്കോട് സൗഹൃദം നിലനിര്‍ത്തിയാണ് മുന്നോട്ടുപോയത്. 

ഈ ബന്ധം തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കത്തിന്‍െറ ഭാഗമാണ് ബാര്‍ അസോസിയേഷന്‍െറ നിലപാട്. മാധ്യമപ്രവര്‍ത്തകരെ തടയാന്‍ താന്‍ നിര്‍ദേശം നല്‍കിയിട്ടില്ളെന്ന് കോഴിക്കോട് ജില്ലാ ജഡ്ജി ഹൈകോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കെ വസ്തുതകള്‍ വളച്ചൊടിക്കുന്ന അഭിഭാഷക സംഘടനയുടെ നിലപാട് ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങള്‍ക്കുനേരെയുള്ള കടന്നുകയറ്റമാണ്. മാധ്യമപ്രവര്‍ത്തകരെ പൊലീസ് തടഞ്ഞില്ളെങ്കില്‍ തങ്ങള്‍ തടയുമായിരുന്നു എന്ന അസോസിയേഷന്‍െറ  പ്രമേയം ധാര്‍ഷ്ട്യമാണെന്നും യൂനിയന്‍ നേതാക്കള്‍  പ്രസ്താവനയില്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT