ആൽബുമിൻ സ്റ്റോക്കില്ല; അർബുദ രോഗികൾ ദുരിതത്തിൽ

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ആൽബുമിൻ സ്റ്റോക്ക് തീർന്നത് അർബുദ രോഗികളെ പ്രതിസന്ധിയിലാക്കുന്നു. ഇതേത്തുടർന്ന് 5000 രൂപയിലധികം വിലവരുന്ന മരുന്ന് രോഗികൾ പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്. അർബുദ രോഗികൾക്ക് ശരീരത്തിൽ പ്രോട്ടീന്‍റെ അളവ് കുറയുമ്പോഴാണ് ആൽബുമിൻ നിർദേശിക്കുന്നത്. പല രോഗികൾക്കും ദിവസവും ഒരു ഡോസ് മരുന്ന് ആവശ്യമായിവരും.

കെ.എം.എസ്.സി.എൽ ഇതിന്‍റെ വിതരണം നിർത്തിവെച്ചതാണ് പ്രതിസന്ധിക്ക് കാരണം. മരുന്ന് സ്റ്റോക്ക് തീർന്ന് ഒരുമാസം പിന്നിട്ടിട്ടും ലോക്കൽ പർച്ചേസ് നടത്താൻ പോലും അധികൃതർ തയാറായിട്ടില്ല. ഇത് സാധാരണക്കാരായ രോഗികളെ ദുരിതത്തിലാക്കുകയാണ്. കാരുണ്യ പദ്ധതി വഴി 1000 രൂപ കുറച്ചും നേരത്തേ ആൽബുമിൻ മെഡിക്കൽ കോളജിൽനിന്ന് ലഭിച്ചിരുന്നു. ഫാർമസിയിൽ സ്റ്റോക്ക് നിലച്ചതോടെ ഇതും നിലച്ചു.

കീമോ, റേഡിയേഷൻ എന്നിവ കഴിഞ്ഞ് ആരോഗ്യ സ്ഥിതി പെട്ടെന്ന് വഷളാവുന്ന രോഗികൾക്ക് വളരെ അത്യാവശ്യമുള്ള മരുന്നാണിത്.  ഒരു ബോട്ടിൽ മരുന്ന് ഒരു തവണ കൊടുക്കാൻ മാത്രമേ ഉണ്ടാവൂ. പല രോഗികളുടെയും കൂട്ടിരിപ്പുകാർ മരുന്ന് വാങ്ങാൻ കാശില്ലാതെ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ സമീപിക്കുന്നത് പതിവാണ്.

അയൽ ജില്ലകളിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സക്കെത്തുന്ന രോഗികളാണ് കൈയിൽ ആവശ്യത്തിന് പണവും മരുന്നും ലഭിക്കാതെ പ്രയാസപ്പെടുന്നത്. പലരും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് നിലവിൽ മരുന്നിന്‍റെ ഭാരിച്ച തുക കണ്ടെത്തുന്നത്. അടിയന്തരമായി മരുന്ന് സ്റ്റോക്ക് എത്തിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് രോഗികളുടെ ആവശ്യം.

Tags:    
News Summary - No albumin stock, Cancer patients in trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.