കോഴിക്കോട് : യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ളിക്ക് പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒരേ മുഖമാണെന്ന് ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യകുമാര്‍. കപടദേശീയ വാദത്തിനും മതതീവ്രവാദത്തിനുമെതിരെ കോഴിക്കോട് നടക്കുന്ന എ.ഐ.വൈ.എഫ്. ദേശീയ ജനറല്‍ കൗണ്‍സില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡൊണാള്‍ഡ് ട്രംപിനും നരേന്ദ്ര മോദിക്കും ഭാഷയില്‍ മാത്രമാണ് വ്യത്യാസമുള്ളത്. ട്രംപ് ഇംഗ്ളീഷില്‍ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുമ്പോള്‍ മോദി ചെയ്യുന്നതും അതു തന്നെയാണ്. അധികാരത്തിലേറിയാല്‍ അമേരിക്കയില്‍ നിന്നും മുസ്ലിംകളെ പുറത്താക്കുമെന്നാണ് ട്രംപ് പറയുന്നത്. എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം മുസ്ലിംകളെന്നാണ് പ്രധാനമന്ത്രി മോദിയും പറയുന്നത്. ഇത്തരത്തില്‍ ലോകത്ത് ഇസ് ലാമോഫോബിയ സൃഷ്ടിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇസ്്ലാമിനെ വ്യാജ ശത്രുക്കളാക്കി ഇസ് ലാമോഫോബിയ സൃഷ്ടിക്കുകയാണ് അമേരിക്കയെന്നും കനയ്യ പറഞ്ഞു.
ഇന്ത്യയിലെ ബീഫ് രാഷ്ട്രീയം നാം തിരിച്ചറിയണം. ചത്ത മൃഗങ്ങളുടെ പേരില്‍ ഇന്ത്യയില്‍ ജനങ്ങള്‍ കൊലപ്പെടുകയാണ്. രാജ്യത്തിന്‍റെ ദാരിദ്രം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം തുടങ്ങിയ പ്രശ്നങ്ങള്‍ തിരിച്ചറിയാതെ ജനാധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഏകാധിപത്യ ഭരണമാണ് നടപ്പാക്കുന്നത്. കേരളത്തിലെത്തിയാല്‍ കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് തിരിച്ചറിയും. ബി.ജെ.പിയിലേക്ക് വിദ്യാര്‍ഥികള്‍ പോകുകയാണെങ്കില്‍ പുരോഗന ആശയങ്ങളുള്ള മറ്റു മതേതര പാര്‍ട്ടികള്‍ പരാജയപ്പെടുന്നു എന്നാണ് കരുതേണ്ടതെന്നും കനയ്യ വ്യക്തമാക്കി.
ഇന്ത്യയിലെ ഒരു പാര്‍ട്ടിക്കും ശരിയായ വിദ്യാഭ്യാസ നയമില്ല. ആര്‍.എസ്.എസ്. സ്കൂളുകള്‍ നടത്തുന്നത് അവരുടെ പിന്തിരിപ്പന്‍ ആശയങ്ങള്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കാനാണ്. രാജ്യത്ത് വെറും മൂന്നു ശതമാനം പേര്‍ക്കാണ് ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നത്. വിദ്യാഭ്യാസമുള്ളവര്‍ക്കാണെങ്കില്‍ തൊഴിലും ലഭിക്കുന്നില്ല. വിദ്യാഭ്യാസം നമ്മുടെ അവകാശമാണ്. സവര്‍ണാധിപത്യവും മുതലാളിത്വവും നിയോ-ലിബറല്‍ ആശയങ്ങളും വെല്ലുവിളി ഉയര്‍ത്തുകയാണ്. ഇതിനെതിരെ ആശയങ്ങളുമായി നാം യുദ്ധം ചെയ്യണം. അതിനായി ശരിയായ വിദ്യാഭ്യാസത്തിലൂടെ ഒന്നിക്കണമെന്നും കനയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.