കാലിക്കറ്റിലെ സര്‍ക്കാര്‍-എയ്ഡഡ് കോളജുകളില്‍ ഡിഗ്രി സീറ്റ് കൂട്ടി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ ഡിഗ്രി സീറ്റ് വര്‍ധിപ്പിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. അഞ്ചു ജില്ലകളിലെ 80ഓളം സര്‍ക്കാര്‍-എയ്ഡഡ് കോളജുകളിലായി 5,812 സീറ്റാണ് ഇതോടെ വര്‍ധിക്കുക. ഏകജാലകം വഴി ഈ അധ്യയനവര്‍ഷംതന്നെ ഈ സീറ്റുകളിലേക്ക് പ്രവേശം നടത്താനും തിങ്കളാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. നിയമപ്രകാരം ലഭിക്കേണ്ട സീറ്റ് വര്‍ധനക്ക് കോളജുകള്‍ രംഗത്തുവരാത്തതിനാലാണ് എല്ലാവര്‍ഷവും ഇത്രയും ഡിഗ്രി സീറ്റുകള്‍ നഷ്ടമായത്. ഇക്കാര്യം നേരത്തേ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാമ്പത്തിക ബാധ്യതയില്ലാതെ സീറ്റ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു മുമ്പ്, സിന്‍ഡിക്കേറ്റംഗം സി.ആര്‍. മുരുകന്‍ ബാബുവും സീറ്റ് വര്‍ധന ആവശ്യപ്പെട്ട് വി.സിക്ക് കത്തുനല്‍കി. ഇതെല്ലാം കണക്കിലെടുത്താണ് സീറ്റ് വര്‍ധന ഈ വര്‍ഷം തന്നെ നടപ്പാക്കാന്‍ തീരുമാനിച്ചത്.

സര്‍വകലാശാലക്കു കീഴിലെ സര്‍ക്കാര്‍-എയ്ഡഡ് കോളജുകളില്‍ വിവിധ കോഴ്സുകളിലായി 18,722 ഡിഗ്രി സീറ്റാണ് നിലവിലുള്ളത്. സര്‍വകലാശാലാ ചട്ട പ്രകാരം ഈ കോളജുകള്‍ക്ക് 24,534 സീറ്റിന് കൂടി അര്‍ഹതയുണ്ട്. വര്‍ധന ആവശ്യപ്പെടാത്തതു വഴി 5812 സീറ്റാണ് എല്ലാ വര്‍ഷവും നഷ്ടമാവുന്നത്. സര്‍വകലാശാലാ ചട്ടപ്രകാരം ബിരുദ ക്ളാസുകളില്‍ ഭാഷാ വിഷയങ്ങള്‍ക്ക് 40, ആര്‍ട്സ് ആന്‍ഡ് കോമേഴ്സ് 60, ഫിസിക്സ്, കെമിസ്ട്രി, ഗണിതം 48, മറ്റ് സയന്‍സ് കോഴ്സുകള്‍ 36 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം നിജപ്പെടുത്തിയത്.

കോളജുകളില്‍ കോഴ്സ് അനുവദിക്കുന്ന വേളയില്‍ ഭാഷാ വിഷയങ്ങള്‍ക്ക് 24, ആര്‍ട്സ് 40, സയന്‍സ് 24 സീറ്റ് ക്രമത്തിലാണ് ലഭിക്കുക. ആദ്യ ബാച്ചിലുള്ളവര്‍ സര്‍വകലാശാലാ പരീക്ഷക്ക് ഹാജരാകുന്നതോടെ ചട്ടപ്രകാരമുള്ള സീറ്റ് വര്‍ധനക്ക് അര്‍ഹതയുണ്ട്. ഇതിനായി സര്‍വകലാശാലയില്‍ അപേക്ഷിക്കുകയാണ് വേണ്ടതെങ്കിലും ഭൂരിപക്ഷം കോളജുകളും അപേക്ഷിക്കാറില്ല. സ്വാശ്രയ കോളജുകളിലും സീറ്റ് വര്‍ധിപ്പിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.