കൊച്ചി: ഇംഗ്ലീഷിനെ ഭാഷ വിഷയമായി പരിഗണിച്ച് ഹൈസ്കൂളുകളിൽ തസ്തിക നിർണയിക്കുമ്പോഴുണ്ടാകുന്ന അധിക അധ്യാപകരെ പുനർവിന്യസിക്കുന്ന സർക്കാർ നടപടിയിൽ ഇടപെട്ട് ഹൈകോടതി. പിരീയഡുകളുടെ അടിസ്ഥാനത്തിൽ തസ്തികനിർണയം നടത്തുമ്പോൾ തസ്തികനഷ്ടം വരുന്ന അധ്യാപകരെ യു.പി സ്കൂളുകളിലേക്ക് അടക്കം പുനർവിന്യസിക്കുന്ന നടപടി ചോദ്യംചെയ്ത് ഇംഗ്ലീഷ് ടീച്ചേഴ്സ് ഫോറവും ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് സ്കൂൾ പി.ടി.എ പ്രസിഡന്റും നൽകിയ ഹരജിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ പരിഗണിച്ചത്.
കോടതിയുടെ ഉത്തരവില്ലാതെ, ഹരജിയിൽ ആരോപിക്കുന്ന പുനർവിന്യാസ നടപടികൾ പാടില്ലെന്നാണ് ഇടക്കാല ഉത്തരവ്. സർക്കാറിനെക്കൂടാതെ എതിർകക്ഷികളായ പൊതു വിദ്യാഭ്യാസ ഡയറക്ടർ, മലപ്പുറം, പാലക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർ എന്നിവർക്ക് നോട്ടീസ് അയക്കാൻ ഉത്തരവായ കോടതി, മൂന്നാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശിച്ചു. ഹരജി വീണ്ടും നവംബർ 11ന് പരിഗണിക്കും.
ഭാഷ വിഷയമാണെങ്കിലും ഇംഗ്ലീഷിനെ കോർ സബ്ജക്ടുകളുടെ കൂട്ടത്തിൽ പരിഗണിച്ചാണ് ഇതുവരെ തസ്തിക നിർണയിച്ചിരുന്നതെന്ന് ഹരജിയിൽ പറയുന്നു. പിരീയഡുകളുടെ അടിസ്ഥാനത്തിൽ മാത്രം എണ്ണുമ്പോൾ 200ലധികം തസ്തികകളാണ് സംസ്ഥാനത്ത് ആകെ നഷ്ടം വരുന്നത്. ഈ അധ്യാപകരെ വിവിധ സ്കൂളുകളിലേക്ക് പുനർവിന്യസിക്കാനാണ് സർക്കാർ തീരുമാനം. കോടതിയലക്ഷ്യം ഒഴിവാക്കാൻ അതിവേഗം നടപടികൾ സ്വീകരിച്ചപ്പോൾ ഡിവിഷന് തുല്യമായ അനുപാതത്തിൽ കോർ സബ്ജക്ട് അധ്യാപകർ വേണമെന്ന നിബന്ധനയും സ്കൂൾ പ്രവർത്തനത്തിന് ആവശ്യമായ അധ്യാപകർ ഉണ്ടോ എന്ന വിഷയവും സർക്കാർ പരിഗണിച്ചില്ലെന്ന് ഹരജിയിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.