കൊയിലാണ്ടി: എ.ടി.എമ്മിൽ നിറക്കാൻ കാറിൽ കൊണ്ടുപോയ പണം അജ്ഞാതസംഘം തട്ടിയെടുത്തെന്ന പരാതി വ്യാജമെന്ന് കണ്ടെത്തിയ പൊലീസ് പരാതിക്കാരനെയും സുഹൃത്തുക്കളെയും അറസ്റ്റുചെയ്തു. കേസിലെ പരാതിക്കാരനായ പയ്യോളി സ്വദേശി സുഹാന ഹൗസിൽ സുഹൈൽ (25), സുഹൃത്തുക്കളായ തിക്കോടി ഉമർ വളപ്പിൽ താഹ (27), തിക്കോടി കോടിക്കൽ യാസിർ (26) എന്നിവരെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്തത്. പിടിയിലായ താഹയുടെ കൈയിൽ നിന്ന് 37 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു.
തന്നെ കാറിൽ കെട്ടിയിട്ട് കവർച്ച നടത്തിയ സംഘം 25 ലക്ഷം രൂപയാണ് കൊണ്ടുപോയതെന്നായിരുന്നു സുഹൈൽ ആദ്യം പരാതി നൽകിയത്. സുഹൃത്തായ താഹയുടെ സാമ്പത്തിക പ്രയാസം പരിഹരിക്കാൻ ആഴ്ചകളായി നടത്തിയ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു കവർച്ച.
ശനിയാഴ്ചയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. വെങ്ങളം കാട്ടിലപീടികയിൽ കാറിൽ കെട്ടിയിട്ട നിലയിലാണ് സുഹൈലിനെ കണ്ടെത്തിയത്.
അരിക്കുളം കുരുടിമുക്കിലെ ഇന്ത്യ വൺ എ.ടി.എമ്മിൽ നിറക്കാൻ കൊണ്ടുപോയ പണം കവർന്നെന്നായിരുന്നു പരാതി. കാറിൽ പണവുമായി പോകുന്നതിനിടെ അരിക്കുളത്ത് എത്തിയപ്പോർ പർദയിട്ട രണ്ടുപേർ കാറിൽ കയറി തന്നെ കെട്ടിയിട്ടെന്നും, എന്തോ മണപ്പിച്ച് ബോധംകെടുത്തിയ ശേഷം പണം കവർന്നെന്നുമായിരുന്നു സുഹൈൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഇയാളുടെ മൊഴിയിൽ പൊലീസ് പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു. എ.ടി.എമ്മിൽ പണം നിറക്കാൻ കരാറെടുത്ത മുഹമ്മദ് 72.4 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പരാതി നൽകിയത്. പരസ്പര വിരുദ്ധ മൊഴികളും, തെളിവെടുപ്പിൽ പൊലീസിനുണ്ടായ സംശയവുമാണ് സുഹൈലിനെ കുടുക്കിയത്.
കണ്ണിൽ മുളകുപൊടി വിതറിയെന്ന മൊഴി വ്യാജമാണെന്നും പൊലീസിന് വ്യക്തമായിരുന്നു. ഡിവൈ.എസ്.പി ഹരിപ്രസാദ്, ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.