ഹജ്ജ്: ആദ്യഗഡു പണമടക്കാനുള്ള സമയപരിധി 31 വരെ നീട്ടി

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീര്‍ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ മുന്‍കൂട്ടി നല്‍കേണ്ട തുകയും നടപടിക്രമങ്ങള്‍ക്കുള്ള ചെലവുമുള്‍പ്പെടെയുള്ള ആദ്യഗഡു അടക്കാനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടി. നേരത്തേ 21 വരെയായിരുന്നു സമയം. പണമടച്ചതിന്റെ സ്ലിപ്പും അനുബന്ധ രേഖകളും നവംബര്‍ അഞ്ച് വരെ ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കാം. ആദ്യഗഡുവായി 1,30,300 രൂപയാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍ അടക്കേണ്ടത്. ഓണ്‍ലൈനായോ ഹജ്ജ് കമ്മിറ്റി വെബ് സൈറ്റില്‍നിന്ന് ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇന്‍ സ്ലിപ് ഡൗണ്‍ലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ശാഖയിലോ ആണ് തുകയടക്കേണ്ടത്.

പണമടച്ചതിന്റെ പേ-ഇന്‍ സ്ലിപ്, നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സ്‌ക്രീനിങ് ആന്‍ഡ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, അപേക്ഷകനും നോമിനിയും ഒപ്പിട്ട ഹജ്ജ് അപേക്ഷ ഫോറം, പാസ്‌പോര്‍ട്ട് ഡിക്ലറേഷന്‍ ഫോറം, സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ടിന്റെ ആദ്യ പേജിന്റെയും അവസാന പേജിന്റെയും പകര്‍പ്പുകള്‍, പാസ്പോര്‍ട്ടിലെ വിലാസം മാറ്റമുണ്ടെങ്കില്‍ അത് വ്യക്തമാക്കുന്ന അംഗീകൃത രേഖ, കവര്‍ ലീഡറുടെ കാന്‍സല്‍ ചെയ്ത പാസ് ബുക്ക്/ ചെക്ക് ലീഫ് കോപ്പി എന്നിവയാണ് സമര്‍പ്പിക്കേണ്ടത്.

രേഖകള്‍ സമര്‍പ്പിക്കാന്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജനല്‍ ഓഫിസിലും സൗകര്യമൊരുക്കിയിട്ടുണ്ട്. ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളായ കൊച്ചിയിലും കണ്ണൂരിലും ഇതിനായി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു.

നിശ്ചിത സമയത്തിനകം പണവും അനുബന്ധ രേഖകളും സമര്‍പ്പിക്കാത്തവരുടെ അവസരം റദ്ദാക്കുമെന്നും ഒഴിവ് വരുന്ന സീറ്റുകളില്‍ കാത്തിരിപ്പ് പട്ടികയിലുള്ളവരെ മുന്‍ഗണനക്രമത്തില്‍ പരിഗണിക്കുമെന്നും ഹജ്ജ് കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി. ആകെ അടക്കേണ്ട തുക വിമാന യാത്രനിരക്ക്, സൗദിയിലെ ചെലവ് തുടങ്ങിയവ കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീടറിയിക്കും. ഫോണ്‍: 0483 2710717, 0483 2717572.

Tags:    
News Summary - Haj: Deadline for payment of first installment Extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.