വിപുലീകൃത സമിതി: സി.പി.എം സംസ്ഥാന നേതൃത്വം തീരുമാനിക്കും

തിരുവനന്തപുരം: സംഘടന ശക്തിപ്പെടുത്തുന്നതിന് കേരളത്തില്‍ വിപുലീകൃത സംസ്ഥാന സമിതി യോഗം ചേരുന്നത് സംബന്ധിച്ച് സി.പി.എം സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും. കൊല്‍ക്കത്ത പ്ളീനത്തിലെ തീരുമാനം നടപ്പാക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ പ്ളീനമോ വിപുലീകൃത സംസ്ഥാന സമിതിയോ വിളിക്കണമെന്നാണ് പി.ബി നിര്‍ദേശം. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍െറ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിനെതിരെ പി.ബിയില്‍ ഉയര്‍ന്ന വിമര്‍ശങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായി. പി.ബി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ചര്‍ച്ചചെയ്യാനുമായി ഈമാസം നാലിന് സംസ്ഥാന സെക്രട്ടേറിയറ്റും അഞ്ചിന് സംസ്ഥാന സമിതിയും ചേരും.

കേരളത്തില്‍ വിപുലീകൃത സംസ്ഥാന സമിതി വിളിക്കണമോ എന്ന് തീരുമാനിക്കാന്‍ സംസ്ഥാന സമിതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കേരളഘടകം സംഘടനാ ശുദ്ധീകരണ നടപടി നടപ്പാക്കുന്നെന്ന വിലയിരുത്തലാണ് കേന്ദ്രനേതൃത്വത്തിന്. പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ടിലും കൊല്‍ക്കത്ത പ്ളീനം റിപ്പോര്‍ട്ടിലും ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയുടെ തെറ്റുതിരുത്തല്‍ നടപടിക്രമങ്ങള്‍ കീഴ്ഘടകങ്ങള്‍വരെ ചര്‍ച്ചചെയ്ത് നടപ്പാക്കി. സംസ്ഥാനത്തെ സംഘടനാ ബലഹീനതകള്‍ പരിഹരിക്കാന്‍ 2014ല്‍ പാലക്കാട്ട് പ്രത്യേക പ്ളീനം ചേര്‍ന്നിരുന്നു. അതിനാല്‍ ഇനി പ്രത്യേക പ്ളീനം വിളിക്കേണ്ടതില്ളെന്ന അഭിപ്രായം അനൗദ്യോഗികമായി സംസ്ഥാന നേതാക്കള്‍ക്കുണ്ട്. വിപുലീകൃത സംസ്ഥാന സമിതി വിളിക്കുന്ന കാര്യം വരുംദിവസങ്ങളില്‍ തീരുമാനിക്കും. വിപുലീകൃത സംസ്ഥാന സമിതി ചേരുകയാണെങ്കില്‍ പങ്കെടുക്കേണ്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ സംസ്ഥാന സമിതിയാണ് തീരുമാനിക്കുക. സംഘടനാ നടപടിക്രമത്തിന്‍െറ ഭാഗമായി അത് ചേരാനാണ് സാധ്യത.

അതിനുമുമ്പ് പി.ബി തീരുമാനം സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യല്‍, സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന കരടുരേഖ കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ച് അംഗീകാരം നേടല്‍ എന്നീ നടപടിക്രമങ്ങളുണ്ട്. ഇതിനുശേഷമാവും അന്തിമ രേഖ തയാറാക്കുക. ഗീതാ ഗോപിനാഥ് വിഷയത്തില്‍ പി.ബി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാത്തത് മുഖ്യമന്ത്രിക്ക് നേട്ടമാണ്. ഗീതയുടെ നിയമനം റിപ്പോര്‍ട്ട് ചെയ്ത സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍, വ്യത്യസ്ത അഭിപ്രായങ്ങള്‍കൂടി ആരാഞ്ഞ് തീരുമാനമെടുക്കുന്നതിന്‍െറ ഭാഗമായാണ് നിയമനമെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. എല്ലാറ്റിനോടും പുറംതിരിഞ്ഞ് നില്‍ക്കുന്നെന്ന തോന്നല്‍ ഉണ്ടാക്കരുതെന്നും സംസ്ഥാനത്തിന്‍െറ താല്‍പര്യത്തിന് അനുസൃതമായ ഉപദേശം സ്വീകരിക്കുമെന്നും പറഞ്ഞു.

നിയമനത്തെ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എസ്. രാമചന്ദ്രന്‍പിള്ള എന്നിവര്‍ മാത്രമാണ് പൂര്‍ണമായി പിന്തുണച്ചത്. സര്‍ക്കാറിന്‍െറ സദുദ്ദേശ്യം പരിഗണിച്ച് പ്രതിരോധത്തിലാക്കുന്ന നടപടികളിലേക്ക് കേന്ദ്രനേതൃത്വം കടന്നില്ല. എന്നാല്‍, എല്‍.ഡി.എഫിന്‍െറ സാമ്പത്തിക നയമേ സര്‍ക്കാര്‍ നടപ്പാക്കൂവെന്ന് യെച്ചൂരി വിശദീകരിച്ചത് കേന്ദ്രനേതൃത്വത്തിന്‍െറ നിലപാടിന്‍െറ സൂചനയാണ്. പരാതി കൊടുത്ത വി.എസ്. അച്യുതാനന്ദനെയും നിയമനത്തെ പരസ്യമായി പിന്താങ്ങാത്ത തോമസ് ഐസക്കിനെയും സംബന്ധിച്ച വിഷയം പി.ബി ചര്‍ച്ചക്കെടുത്തത് ഇരുവര്‍ക്കും നേട്ടമായി.

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.