മാണിയെ മെരുക്കാന്‍ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഇടഞ്ഞുനില്‍ക്കുന്ന കെ.എം. മാണിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ ചൊവ്വാഴ്ച തലസ്ഥാനത്ത് യോഗം ചേര്‍ന്ന് മാണിയുമായി ചര്‍ച്ചക്ക് ഉമ്മന്‍ചാണ്ടിയെ ചുമതലപ്പെടുത്തി. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭവനില്‍ പ്രസിഡന്‍റ് വി.എം. സുധീരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരാണ് കൂടിയാലോചന നടത്തിയത്.

മുന്നണിബന്ധത്തിന്‍െറ കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുക്കുമെന്ന്  മാണിഗ്രൂപ് പറയുന്ന ചരല്‍ക്കുന്ന് ക്യാമ്പിന് മുമ്പുതന്നെ ചര്‍ച്ച നടത്തും.
സംസ്ഥാനതലത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം വ്യാഴാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ വിഷയം അവതരിപ്പിച്ച് ഹൈകമാന്‍ഡ് വഴി എന്തെങ്കിലും ഉറപ്പ് നല്‍കാനുള്ള സാധ്യതയും ആരായും. മുന്നണിബന്ധത്തിന് വിരുദ്ധമായി മാണിഗ്രൂപ് തീരുമാനമെടുക്കുമെന്ന് കരുതുന്നില്ളെന്നാണ് യോഗശേഷം കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞത്.

ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും കോണ്‍ഗ്രസ്പ്രതീക്ഷ കൈവിട്ടിട്ടില്ളെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ചര്‍ച്ചക്ക് അവസരമൊരുക്കി മാണിയെ അനുനയിപ്പിക്കാനാവുമെന്നുതന്നെയാണ് അവര്‍ കരുതുന്നത്. യു.ഡി.എഫ് ബന്ധം വിച്ഛേദിക്കുന്നതില്‍ മാണിഗ്രൂപ്പിലെ ആശയക്കുഴപ്പവും കോണ്‍ഗ്രസ്നേതൃത്വം കാണാതിരിക്കുന്നില്ല. മാണിയുമായി മുമ്പ് ഉമ്മന്‍ ചാണ്ടി സ്വന്തം നിലയില്‍ ഒരുവട്ടം ചര്‍ച്ച നടത്തിയെങ്കിലും അദ്ദേഹം വിട്ടുവീഴ്ചക്ക് തയാറായിരുന്നില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി ടെലിഫോണില്‍ സംസാരിക്കാന്‍ പോലും മാണി സന്നദ്ധനല്ല. ഈ സാഹചര്യത്തിലാണ് അനുനയത്തിന് ഉമ്മന്‍ ചാണ്ടിയെ ഒൗദ്യോഗികമായി ചുമതലപ്പെടുത്തിയത്.

എത്രയും വേഗം മാണിയുമായി ബന്ധപ്പെട്ട്  പ്രശ്നം പരിഹരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാണിയുമായി അഞ്ചിന് കൂടിക്കാഴ്ച നടത്താനാണ് ശ്രമം. ബുധനാഴ്ച ഡല്‍ഹിക്ക് തിരിക്കും മുമ്പ് ടെലിഫോണില്‍ അദ്ദേഹത്തെ ബന്ധപ്പെടാനും ഉമ്മന്‍ ചാണ്ടി ശ്രമിക്കും. യു.ഡി.എഫില്‍ അര്‍ഹമായ പരിഗണന നല്‍കുമെന്ന ഉറപ്പ് നല്‍കാനാണ് നേതാക്കളുടെ ധാരണ. മാണിയുടെ ആവശ്യങ്ങള്‍ അറിഞ്ഞശേഷം നിശ്ചിത സമയപരിധിക്കകം തീരുമാനമെടുക്കാമെന്ന ഉറപ്പും നല്‍കും.

 ചര്‍ച്ചകളോട്  മാണി മുഖംതിരിഞ്ഞുനില്‍ക്കുമെന്ന് കരുതുന്നില്ളെന്ന് സുധീരന്‍ അറിയിച്ചു. കോണ്‍ഗ്രസുമായി കേരള കോണ്‍ഗ്രസിന് സംവത്സരങ്ങളുടെ ബന്ധമുണ്ടെന്ന് മാത്രമല്ല,  ഇരുവരും സഹോദരപാര്‍ട്ടികളുമാണ്. അതിനാല്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിക്കാന്‍ കഴിയുന്നത്ര ശ്രമിക്കും. ചരല്‍ക്കുന്നില്‍ ഉണ്ടാകുന്ന അഭിപ്രായങ്ങളുമായി ബന്ധപ്പെട്ടും ചര്‍ച്ചനടക്കും. ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങള്‍ ഉണ്ടാകും. പ്രശ്നങ്ങള്‍ പരസ്യമായി ചര്‍ച്ചചെയ്യേണ്ടവയല്ല. ആവശ്യമെങ്കില്‍ ഹൈകമാന്‍ഡും ഇടപെടും. ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധി വിളിച്ചിരിക്കുന്ന യോഗത്തില്‍ മാണിഗ്രൂപ്വിഷയവും സ്വാഭാവികമായും ചര്‍ച്ചക്ക് വരുമെന്ന് സുധീരന്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.