അജു വധം: ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം

ആലപ്പുഴ: എ.ഐ.വൈ.എഫ് പ്രാദേശിക നേതാവും സ്വകാര്യബാങ്കിലെ അസിസ്റ്റന്‍റ് മാനേജരുമായിരുന്ന ആലപ്പുഴ കാളാത്ത് വൈദേഹി വീട്ടില്‍ അജുവിനെ അടിച്ചുകൊന്ന കേസിലെ ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം തടവ്. ഒന്നുമുതല്‍ ഏഴുവരെ പ്രതികളായ കാളാത്ത് തുമ്പേല്‍ തടിക്കല്‍ ഷിജി ജോസഫ് (44), ആര്യാട് കൊച്ചുകളം വീട്ടില്‍ ജോസഫ് ആന്‍റണി (26), കാളാത്ത് തടിക്കല്‍ വീട്ടില്‍ വിജേഷ് (28), കാളാത്ത് വെളിംപറമ്പില്‍ നിഷാദ് (29), പുത്തന്‍പുരക്കല്‍ സൈമണ്‍ വി. ജാക്ക് (30), കാളാത്ത് മൂലയില്‍ തോമസുകുട്ടി (34), മത്തേരുപടിക്കല്‍ സിനു വര്‍ഗീസ് (25) എന്നിവര്‍ക്കാണ്  ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ആര്‍. സുധാകരന്‍ പിള്ള ജീവപര്യന്തം ശിക്ഷ വിധിച്ചത്.  കൊലപാതം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതായി കോടതി വിലയിരുത്തി.

2008 നവംബര്‍ 16ന് രാത്രി 11.30ഓടെ തേപ്പുവെള്ളി ശ്രീരാമക്ഷേത്ര മൈതാനത്തായിരുന്നു സംഭവം. വീടുപണിയുടെ നിര്‍മാണകരാര്‍ നല്‍കാഞ്ഞതിന്‍െറ വിരോധത്തില്‍ ഒന്നാം പ്രതി ഷിജി ജോസഫിന്‍െറ നിര്‍ദേശപ്രകാരം ജോലിക്കാരായ രണ്ടുമുതല്‍ ഏഴുവരെ പ്രതികള്‍ ചേര്‍ന്ന് ഇരുമ്പുപൈപ്പുകളും മരക്കഷണങ്ങളും ഉപയോഗിച്ച് അജുവിനെയും സുഹൃത്തായ അഭിലാഷിനെയും ആക്രമിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ അജു മരിച്ചു.

അഭിലാഷിന്‍െറ വീടു പണിയുടെ കരാര്‍ ഷിജി ജോസഫിന് നല്‍കാത്തത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അഭിലാഷിന്‍െറ മൊഴി കേസില്‍ നിര്‍ണായകമായി. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 22 പേരെയും പ്രതിഭാഗത്തുനിന്ന് രണ്ട് സാക്ഷികളെയും വിസ്തരിച്ചിരുന്നു. ആലപ്പുഴ ഐ.സി.ഐ.സി.ഐ  ബാങ്കില്‍ അസിസസ്റ്റന്‍റ് മാനേജരായിരുന്നു മരിച്ച അജു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.