മാണിയുടേത് രാഷ്ട്രീയനെറികേട് –കെ. മുരളീധരന്‍

തിരുവനന്തപുരം: കെ.എം. മാണി കാട്ടിയത് രാഷ്ട്രീയനെറികേടെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. വരുന്ന ലോക്സഭാതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേരള കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ളെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചരിത്രം പറയുന്നവര്‍ പി.ടി. ചാക്കോയെ മാത്രമല്ല, കെ.എം. ജോര്‍ജിനെ കൂടി ഓര്‍ക്കുന്നത് നല്ലതാണ്. കെ.എം. ജോര്‍ജിന്‍െറ ശാപമാണ് ഇപ്പോള്‍ മാണിക്ക് കിട്ടിയിരിക്കുന്നത്. നല്ല ക്രൈസ്തവരെന്ന് മേനിനടിക്കുന്നവര്‍ ഇപ്പോള്‍ വര്‍ഗീയവാദികളുമായി കൂട്ടുചേരാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തനിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അവിടത്തെന്നെ വോട്ടുചെയ്യുകയും ചെയ്ത എം.എം. ജേക്കബ് പാലായില്‍ മാണിയെ തോല്‍പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം പച്ചക്കള്ളമാണ്. രണ്ടാഴ്ച മുമ്പുവരെ ഒരുപരാതിയും ഉന്നയിക്കാതിരുന്ന മാണി, അതിനുശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും മിണ്ടാതാവുകയും ചെയ്തത് രാഷ്ട്രീയമര്യാദയല്ല. മൂന്ന് പാര്‍ട്ടികളോടും സമദൂരമെന്ന് പറയുമ്പോഴും വര്‍ഗീയപാര്‍ട്ടിയായ ബി.ജെ.പിയോട് മാണി സ്നേഹം കാണിക്കുകയാണ്. എന്തായാലും അടുത്തലോക്സഭാതെരഞ്ഞെടുപ്പില്‍ പാലായിലെ കോണ്‍ഗ്രസുകാര്‍ക്ക് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യാമെന്ന ഭാഗ്യംകൂടി ഇതുവഴി വന്നിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
മാണി നിയമസഭാതെരഞ്ഞെടുപ്പിന് മുമ്പേ പോയിരുന്നെങ്കിലും കോണ്‍ഗ്രസ് തങ്ങളുടെ 41 സീറ്റിലും ജയിക്കുമായിരുന്നു. മാണി അധികാരമോഹിയാണെന്ന് താന്‍ പറയില്ല. വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ കാര്യങ്ങള്‍ ബോധ്യപ്പെടും. തദ്ദേശസ്ഥാപനങ്ങളില്‍ മാണിയുടെ പാര്‍ട്ടിയുമായി പ്രവര്‍ത്തിക്കണമോയെന്ന കാര്യം ആ പ്രദേശങ്ങളിലെ കോണ്‍ഗ്രസുകാര്‍ തീരുമാനിക്കും. അധികാരമുള്ള സ്ഥലങ്ങളില്‍ ബന്ധവും അധികാരമില്ലാത്ത ഇടങ്ങളില്‍ ബന്ധമില്ളെന്നുമുള്ള രാഷ്ട്രീയ നിലപാട് ഉണ്ടോയെന്ന് അറിയില്ളെന്നും മുരളീധരന്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.