കവര്‍ച്ച, കള്ളനോട്ട്: എ.ടി.എം സുരക്ഷിതമല്ലാതാവുന്നു

തൃശൂര്‍: വ്യാപകമായി കള്ളനോട്ടുകള്‍, അതിനുപുറമെ തിരുവനന്തപുരം മോഡലില്‍ ഹൈടെക് വരെയത്തെിയ കവര്‍ച്ച. പൊതുമേഖലാ ബാങ്കുകളായ എസ്.ബി.ഐയുടെയും എസ്.ബി.ടിയുടെയും എ.ടി.എമ്മുകള്‍ വഴി ഇടപാട് നടത്തുന്നവര്‍ക്ക് തങ്ങളുടെ അക്കൗണ്ടിലെ പണം സുരക്ഷിതമാണെന്നതിന് ഒരു ഉറപ്പും ഇല്ലാത്ത അവസ്ഥയായി.

ഇതിനു മുമ്പ് വടക്കന്‍ മലബാറിലെ ചില എസ്.ബി.ഐ, എസ്.ബി.ടി എ.ടി.എമ്മുകള്‍ കേന്ദ്രീകരിച്ച് കൊള്ള നടന്നപ്പോള്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തണമെന്ന് പൊലീസ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഈ പൊതുമേഖലാ ബാങ്കുകള്‍ വാച്ച്മാന്‍മാരെ പിന്‍വലിച്ച നടപടി  തിരുത്തിയിട്ടില്ല. ഇടക്കാലത്ത് തൃശൂരിലെ ബാങ്ക് എ.ടി.എമ്മുകളില്‍ കവര്‍ച്ച നടന്നപ്പോഴും പൊലീസ് സമാന നിര്‍ദേശം നല്‍കി. അതും വൃഥാവിലായി. എ.ടി.എമ്മുകളില്‍ പണം നിക്ഷേപിക്കാനുള്ള കരാര്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കി എസ്.ബി.ഐയും വാച്ച്മാന്‍മാരെ പിന്‍വലിച്ച് ഈ രണ്ട് പൊതുമേഖലാ ബാങ്കുകളും ചെലവ് ചുരുക്കലിലും ലാഭത്തിലും ശ്രദ്ധയൂന്നുമ്പോള്‍ വഴിയോരത്ത് ഉപേക്ഷിക്കപ്പെട്ടതുപോലെയാണ് ഇതിലെ ഇടപാടുകാരുടെ പണം.
എസ്.ബി.ടി -എസ്.ബി.ഐ ലയന വഴിയിലാണ്. ബാങ്ക് ശാഖകള്‍ കുറയുമെന്ന് ഉറപ്പ്. ഇടപാടുകാരില്‍ വലിയൊരു വിഭാഗം പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും എ.ടി.എമ്മുകളെ ആശ്രയിക്കേണ്ടി വരും. എന്നാല്‍; തിരുവനന്തപുരം കവര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഒരിക്കലെങ്കിലും എ.ടി.എം ഇടപാട് നടത്തിയവര്‍ ഇനിയൊന്ന് ശങ്കിക്കും, തങ്ങളുടെ പാസ്വേഡും മറ്റും മറ്റാരോ ചോര്‍ത്തുന്നോ എന്ന്. തിരുവനന്തപുരത്ത് എ.ടി.എം നമ്പറും പാസ്വേഡും ചോര്‍ത്താനുള്ള ഉപകരണം ഘടിപ്പിച്ചതാണ് കണ്ടത്. അത്തരമൊരു യന്ത്രം ഘടിപ്പിക്കാന്‍ കവര്‍ച്ചക്കാര്‍ക്ക് സമയം കിട്ടിയത് എ.ടി.എമ്മില്‍ വാച്ച്മാന്‍ ഇല്ലാത്തതുകൊണ്ട് മാത്രമാണ്. എസ്.ബി.ഐയും എസ്.ബി.ടിയും എ.ടി.എമ്മില്‍ വാച്ച്മാനെ പിന്‍വലിച്ചിട്ട് കുറച്ച് കാലമായി. അപൂര്‍വം ചില സ്വകാര്യ ബാങ്കുകളും ഈ മാതൃക പിന്തുടര്‍ന്നിട്ടുണ്ട്.

അക്കൗണ്ടില്‍ പണം നിക്ഷേപിക്കുമ്പോഴും പിന്‍വലിക്കുമ്പോഴും ഇടപാടുകാരെ അറിയിക്കാന്‍ എസ്.എം.എസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് നിശ്ചിത തുകയും ഈടാക്കുന്നുണ്ട്. എന്നാല്‍, എസ്.ബി.ഐ, എസ്.ബി.ടി ഇടപാടുകാര്‍ക്ക് പലപ്പോഴും എസ്.എം.എസ് കിട്ടാറില്ല. തിരുവനന്തപുരത്ത് നടന്ന തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട പലര്‍ക്കും അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കപ്പെട്ട വിവരം എസ്.എം.എസ് ആയി ലഭിച്ചിട്ടില്ല.
എ.ടി.എമ്മില്‍ നിക്ഷേ പിക്കാന്‍ ബാങ്ക് കൊടുക്കുന്ന പണം ഇന്‍ഷൂര്‍ ചെയ്തതാണ്. അത് അതേപടി കൊള്ളയടിക്കപ്പെട്ടാലും ബാങ്കിന് നഷ്ടം വരാനില്ല. പക്ഷെ, ഇടപാടുകാരന്‍െറ അക്കൗണ്ടില്‍നിന്ന് ചോര്‍ത്തിയാല്‍ നഷ്ടം ഇടപാടുകാരന് മാത്രം. തിരുവനന്തപുരത്ത് പണം നഷ്ടപ്പെട്ടവര്‍ക്ക് അത് തിരിച്ചു കിട്ടുന്ന കാര്യം എളുപ്പമല്ളെന്നാണ് ബാങ്കിങ് വൃത്തങ്ങള്‍ പറയുന്നത്.

എസ്.ബി.ഐയുടെ എ.ടി.എമ്മില്‍ പണം നിക്ഷേപിക്കാനുള്ള കരാര്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കിയതോടെയാണ് സംസ്ഥാനത്ത് കള്ളനോട്ട് വ്യാപനം വര്‍ധിച്ചതെന്ന് ബാങ്കിങ് വൃത്തങ്ങള്‍ പറയുന്നു. കള്ളനോട്ട് കിട്ടുന്നവര്‍ പരാതിപ്പെട്ടാലുള്ള നൂലാമാലകള്‍ ഓര്‍ത്ത് പിന്‍വാങ്ങുകയാണ്. അവര്‍ക്ക് അത്രയും പണം നഷ്ടം.
എസ്.ബി.ഐയില്‍ ലയിക്കുന്നതു വരെയുള്ള കാലത്തേക്ക് എ.ടി.എം നിറക്കല്‍ സ്വകാര്യ ഏജന്‍സിക്ക് നല്‍കാന്‍ നിര്‍ദേശം വന്നു കഴിഞ്ഞതായി എസ്.ബി.ടിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. എസ്.ബി.ഐ ആകട്ടെ, എ.ടി.എം കാര്‍ഡ് തയാറാക്കി അയക്കുന്ന ജോലി തന്നെ സ്വകാര്യവത്കരിച്ചു.
ഫലത്തില്‍, ഇടപാടുകാര്‍ പണം സുരക്ഷിതമാക്കാന്‍ എ.ടി.എമ്മുകള്‍ ഉപേക്ഷിച്ച് ബാങ്ക് ശാഖകളില്‍ ചെല്ളേണ്ട സ്ഥിതിയാണ് എസ്.ബി.ഐയും എസ്.ബി.ടിയും സൃഷ്ടിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT