ജസ്റ്റിസ് ജെ.ബി. കോശി മനുഷ്യാവകാശ കമീഷന്‍െറ പടിയിറങ്ങുന്നു

ആലുവ: അഞ്ചുവര്‍ഷത്തെ സേവനത്തിനുശേഷം മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ. ബെഞ്ചമിന്‍ കോശി കമീഷന്‍െറ പടിയിറങ്ങുന്നു. സെപ്റ്റംബര്‍ മൂന്നിനാണ് അദ്ദേഹം വിരമിക്കുന്നത്. 13 വര്‍ഷം കേരള ഹൈകോടതിയില്‍ ജഡ്ജിയായിരുന്ന അദ്ദേഹം കുറച്ചുകാലം ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു. പിന്നീട് പട്ന ഹൈകോടതി ചീഫ് ജസ്റ്റിസായി. വിരമിച്ചശേഷം 2009 മേയില്‍ കള്ളപ്പണം, വിദേശ കറന്‍സി കള്ളക്കടത്ത് തുടങ്ങിയ കേസുകള്‍ പരിഗണിക്കുന്ന ട്രൈബ്യൂണലിന്‍െറ ചെയര്‍മാനായി. ഇതോടൊപ്പം സര്‍ക്കാര്‍ കണ്ടുകെട്ടുന്ന സ്വത്തുകള്‍ സംബന്ധമായ പരാതികള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക ട്രൈബ്യൂണലി​െൻറ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

2011സെപ്റ്റംബര്‍ അഞ്ചിനാണ് മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാനായത്. ചെയര്‍മാനായി പ്രവര്‍ത്തിച്ച കാലയളവില്‍ ഒട്ടേറെ പേര്‍ക്ക് നീതി ലഭ്യമാക്കാനായതായി അദ്ദേഹം പറയുന്നു. അമ്പതിനായിരത്തോളം കേസാണ് ഈ കാലയളവില്‍ കമീഷന്‍ മൊത്തത്തില്‍ തീര്‍പ്പാക്കിയത്. ഇതില്‍ 27,000 കേസ് ചെയര്‍മാനാണ് തീര്‍പ്പാക്കിയത്. പൊലീസിന്‍െറ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശാസിച്ചിട്ടുണ്ട്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ഒമ്പതുകേസില്‍ ഇരകള്‍ക്ക് സര്‍ക്കാറില്‍നിന്ന് നഷ്ടപരിഹാരം നേടിക്കൊടുത്തു.

സാധാരണക്കാര്‍ക്ക് ഭീഷണിയായിരുന്ന പല പാറമടകളുടെയും പ്രവര്‍ത്തനം നിര്‍ത്തലാക്കി. നിര്‍ധനരായ നൂറുകണക്കിന് രോഗികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നടക്കം സഹായധനം വാങ്ങി നല്‍കി. മക്കളില്ലാത്ത വിധവക്ക് ബന്ധുക്കള്‍ നിഷേധിച്ച സ്വത്ത് വാങ്ങി നല്‍കിയത് പ്രവര്‍ത്തനകാലയളവിലെ മറക്കാനാകാത്ത കേസാണെന്ന് അദ്ദേഹം പറയുന്നു. അഞ്ചുവര്‍ഷത്തിനിടെ നന്ദി പറഞ്ഞും അഭിനന്ദിച്ചും പതിനായിരത്തിലധികം കത്തുകള്‍ ലഭിച്ചു. ഭൂമിക്കായും കുട്ടികളുടെ ചികിത്സക്കായും ഓഫിസുകള്‍ കയറിയിറങ്ങിയശേഷം നീതി തേടി കമീഷന് മുന്നിലത്തെിയ ആള്‍ക്ക് ആലുവയില്‍ നടന്ന ഒരു സിറ്റിങ്ങിനിടെ സ്വന്തം പോക്കറ്റില്‍നിന്ന് പണം നല്‍കി സഹായിച്ചിരുന്നു.

ഈ മാസം 25ന് കാക്കനാട് കലക്ടറേറ്റിലാണ് അവസാന സിറ്റിങ്. 31ന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ഒൗദ്യോഗിക യാത്രയയപ്പ് നടക്കും. മീന കോശിയാണ് ഭാര്യ. മൂത്തമകള്‍ രൂപ എറണാകുളത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കോമേഴ്സ് വിഭാഗം അധ്യാപികയാണ്. ഇളയ മകള്‍ രശ്മി ഭര്‍ത്താവുമൊത്ത് അമേരിക്കയിലാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.