പരീക്ഷാഭവനിലെ പ്രശ്നങ്ങള്‍ക്ക് ആറുമാസത്തിനകം പരിഹാരം –വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പരീക്ഷാഭവനിലെ പ്രശ്നങ്ങള്‍ക്ക് ആറു മാസത്തിനകം പരിഹാരം കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.
എസ്.എസ്.എല്‍.സി ഉള്‍പ്പെടെ സുപ്രധാന പരീക്ഷയുടെ അതീവ രഹസ്യജോലികള്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട ഞായറാഴ്ചയിലെ ‘മാധ്യമം’ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രഹസ്യജോലികള്‍ ചെയ്യാന്‍ സ്ഥിരംജീവനക്കാരെയാണ് നിയമിക്കേണ്ടത്. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഗൗരവമായാണ് കാണുന്നത്. എന്നാല്‍, പ്രശ്നങ്ങളൊന്നും ഇപ്പോള്‍ പുതുതായി ഉണ്ടായതല്ല. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തുണ്ടായ വീഴ്ചകളാണിത്. ഏതാനും ദിവസംകൊണ്ട് ഇവ പരിഹരിക്കാനാകില്ല.
പലതും സമയമെടുത്ത് പരിഹരിക്കേണ്ട ജോലികളാണ്. ആറുമാസത്തിനകം പരീക്ഷാഭവന്‍െറ പ്രവര്‍ത്തനത്തില്‍ അടിമുടി മാറ്റം കൊണ്ടുവരും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ സര്‍ക്കാര്‍ തുടക്കംകുറിച്ചിട്ടുണ്ട്. താല്‍ക്കാലിക ജീവനക്കാരെ മറ്റു ജോലികളിലേക്ക് പുനര്‍വിന്യസിച്ച് രഹസ്യസ്വഭാവമുള്ള ജോലികളിലേക്ക് സ്ഥിരംജീവനക്കാരെതന്നെ നിയോഗിക്കാനായിരിക്കും ശ്രമിക്കുക.
താല്‍ക്കാലികക്കാരാണെങ്കിലും അവരെ പിരിച്ചുവിടുന്ന സമീപനമുണ്ടാകില്ളെന്നും മന്ത്രി വ്യക്തമാക്കി.
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സമര്‍പ്പിച്ച  പ്രവൃത്തിപഠന റിപ്പോര്‍ട്ടിലാണ് താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ച് രഹസ്യജോലികള്‍ ചെയ്യിക്കുന്നത് സംബന്ധിച്ച് വിമര്‍ശമുള്ളത്. നടപടി ഗുരുതര വീഴ്ചയും തികഞ്ഞ കെടുകാര്യസ്ഥതയുമാണെന്നായിരുന്നു വിമര്‍ശം.
പരീക്ഷാഭവനിലെ രഹസ്യജോലികള്‍ നടക്കുന്ന കമ്പ്യൂട്ടര്‍ സെല്ലില്‍ നൂറിലധികം കമ്പ്യൂട്ടര്‍ ഉണ്ടെങ്കിലും ഒരു സ്ഥിരംജീവനക്കാരന്‍ പോലുമില്ല. സിസ്റ്റം മാനേജറുടെ തസ്തിക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഡെപ്യൂട്ടേഷന്‍ നിയമനം മാത്രമാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.