തലശ്ശേരിയില്‍ സി.പി.എം–ബി.ജെ.പി ഓഫിസുകള്‍ക്കുനേരെ ബോംബേറ്

തലശ്ശേരി: കോടിയേരി ഈങ്ങയില്‍പീടിക, കല്ലില്‍താഴ പ്രദേശങ്ങളില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. ഇരുപാര്‍ട്ടികളുടെയും ഓഫിസുകള്‍ക്കുനേരെ ബോംബാക്രമണം. യുവമോര്‍ച്ച നേതാവിന്‍െറ ബൈക്ക് തകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെ 3.30ഓടെ സി.പി.എം കോടിയേരി നോര്‍ത് ലോക്കല്‍ കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന ഈങ്ങയില്‍പീടികയിലെ പി.പി. അനന്തന്‍ സ്മാരക മന്ദിരത്തിനുനേരെയാണ് ബോംബാക്രമണമുണ്ടായത്. കെട്ടിടത്തിന്‍െറ മുകള്‍നിലയില്‍ പ്രവര്‍ത്തിക്കുന്ന ലോക്കല്‍ കമ്മിറ്റി ഓഫിസിന്‍െറ ബോര്‍ഡുകളും ഫര്‍ണിച്ചറുകളും ബോംബാക്രമണത്തില്‍ തകര്‍ന്നു.

 രണ്ടു ബോംബുകളാണ് അക്രമിസംഘം ഓഫിസിനുനേരെ എറിഞ്ഞതെന്നും ബി.ജെ.പി-ആര്‍.എസ്.എസ് സംഘമാണ് ആക്രമണത്തിനു പിന്നിലെന്നും സി.പി.എം ആരോപിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ഏരിയാ സെക്രട്ടറി എം.സി. പവിത്രന്‍, ലോക്കല്‍ സെക്രട്ടറി പി.പി. ഗംഗാധരന്‍, ഡി.വൈ.എഫ്.ഐ നേതാവ് വി.പി. ബിജേഷ് തുടങ്ങിയ നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു. പുലര്‍ച്ചെ രണ്ടോടെയാണ് കല്ലില്‍താഴയിലെ ബി.ജെ.പി ഓഫിസിനുനേരെ ബോംബാക്രമണമുണ്ടായത്. ഓഫിസിനുനേരെ ബോംബെറിഞ്ഞ അക്രമിസംഘം ഓഫിസിന്‍െറ വാതിലും ബോര്‍ഡും ഫര്‍ണിച്ചറുകളും തകര്‍ക്കുകയും കെട്ടിടത്തിന്‍െറ മേല്‍ക്കൂരയിലെ മര ഉരുപ്പടികള്‍ നശിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി 10ഓടെ പന്ന്യന്നൂര്‍ ചന്ദ്രന്‍ സ്മാരക ബസ് ഷെല്‍ട്ടറിന്‍െറ പുനര്‍നിര്‍മാണം ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയിരുന്നു. ഇതിനെതിരെ രംഗത്തുവന്ന സി.പി.എം പ്രവര്‍ത്തകര്‍ നിര്‍മാണത്തിലിരുന്ന ബസ് ഷെല്‍ട്ടറും യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്‍റ് ജിതേഷിന്‍െറ ബൈക്കും തകര്‍ത്തതായി ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് എം.പി. സുമേഷിന്‍െറ നേതൃത്വത്തില്‍ ബി.ജെ.പി സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു. ഡിവൈ.എസ്.പി പ്രിന്‍സ് ഏബ്രഹാം, സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ശക്തമായ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.