അഭിഭാഷക ഫെഡറേഷന്‍െറ പ്രഖ്യാപനം പൊതുസമൂഹത്തോടുള്ള വെല്ലുവിളി –കെ.യു.ഡബ്ള്യു.ജെ

തിരുവനന്തപുരം: സംസ്ഥാനത്തെ നീതിന്യായ കോടതികളെ ഒരുപറ്റം വക്കീലന്മാരുടെ സ്വകാര്യസ്വത്തുപോലെ വ്യാഖ്യാനിക്കുന്ന അഭിഭാഷക ഫെഡറേഷന്‍െറ പ്രസ്താവന പൊതുസമൂഹത്തോടും നിയമവ്യവസ്ഥയോടുമുള്ള കടുത്ത വെല്ലുവിളിയാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ള്യു.ജെ) സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. കോടതികള്‍ പൊതുസമൂഹത്തിന്‍േറതാണ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് കോടതിയുടെ എല്ലാ സംവിധാനങ്ങളും നിലനില്‍ക്കുന്നത്. കോടതിയില്‍ നടക്കുന്നത് അറിയാനും അറിയിക്കാനും നികുതിദായകര്‍ക്ക് അവകാശമില്ളെന്നു പ്രഖ്യാപിക്കുന്നത് പൊതുമനസ്സാക്ഷിയോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും തയാറാകണം. മാധ്യമ പ്രവര്‍ത്തനം ആരുടെയും ഒൗദാര്യത്തില്‍ നടത്താന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല. യൂനിയന് ഇക്കാര്യത്തിലുള്ള പ്രതിഷേധം സര്‍ക്കാറിനെ അറിയിക്കും.
ഒരു മാസത്തിലധികമായി കേരളത്തിലെ കോടതി നടപടികള്‍ ജനം അറിയുന്നത് ഒരുപറ്റം അഭിഭാഷകര്‍ തടഞ്ഞിരിക്കുകയാണ്. പൊതുമണ്ഡലത്തില്‍ അനുദിനം ഒറ്റപ്പെടുന്നത് മറികടക്കാന്‍ മന$പൂര്‍വം പ്രകോപനം സൃഷ്ടിക്കുന്ന നിലപാടാണ് അഭിഭാഷക സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്ന് സമിതി കുറ്റപ്പെടുത്തി.
തങ്ങള്‍ക്ക് അധികാരമില്ലാത്ത കാര്യത്തില്‍ കോടതിയെയും മറികടന്ന് തീരുമാനം പറയുന്ന കുറച്ച് അഭിഭാഷകരുടെ നിലപാടില്‍ ഹൈകോടതി തുടരുന്ന മൗനം അവസാനിപ്പിക്കണം. അപ്രഖ്യാപിത മാധ്യമ അടിയന്തരാവസ്ഥക്കെതിരെ സാംസ്കാരിക, ബുദ്ധിജീവി സമൂഹം ശക്തമായി പ്രതികരിക്കാന്‍ മുന്നോട്ടുവരണമെന്നും കെ.യു.ഡബ്ള്യു.ജെ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.