ജെയിംസ് കമ്മിറ്റിയുടേത് അനാവശ്യ ഇടപെടല്‍ –എം.ഇ.എസ്

കോഴിക്കോട്: മെഡിക്കല്‍ പ്രവേശകാര്യത്തില്‍ ജെയിംസ് കമ്മിറ്റി അനാവശ്യ ഇടപെടലാണ് നടത്തിയതെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍. കാലാവധി കഴിഞ്ഞുപോകുന്ന പോക്കില്‍ പാര പണിയുകയാണ് കമ്മിറ്റി ചെയ്തതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മെഡിക്കല്‍ പ്രവേശകാര്യത്തില്‍ സര്‍ക്കാറും മാനേജ്മെന്‍റും ഒത്തൊരുമിച്ചാണ് നീങ്ങിയത്. ചര്‍ച്ച പുരോഗമിക്കുന്നതിനിടക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി അയച്ച കത്ത് ജെയിംസ് കമ്മിറ്റി പുറത്തിട്ടത്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള സ്വാശ്രയ മെഡിക്കല്‍-ഡെന്‍റല്‍ കോളജുകളിലെയും കല്‍പിത സര്‍വകലാശാലകളിലെയും മുഴുവന്‍ എം.ബി.ബി.എസ്, ഡെന്‍റല്‍ സീറ്റിലും സര്‍ക്കാറിന് പ്രവേശം നടത്താമെന്ന് കത്തിനെ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു. അത്തരമൊരു കാര്യം നിര്‍ദേശിക്കാന്‍ അണ്ടര്‍ സെക്രട്ടറിക്ക് അധികാരമില്ല.

സുപ്രീംകോടതി വിധിക്കെതിരുമാണ്. മുഴുവന്‍ സീറ്റിലെയും പ്രവേശം സര്‍ക്കാറുകള്‍ നടത്തണമെന്ന് കത്തില്‍ നിര്‍ബന്ധിക്കുന്നുമില്ല. എന്നിരിക്കെ, സര്‍ക്കാറിന്‍െറ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമമാണ് കത്ത് പുറത്തുവിട്ടതു വഴി ജെയിംസ് കമ്മിറ്റി നടത്തിയതെന്നും ഫസല്‍ ഗഫൂര്‍ ആരോപിച്ചു.  പ്രവേശാധികാരം മാനേജ്മെന്‍റുകള്‍ക്ക് നല്‍കിയ സുപ്രീംകോടതി വിധിക്ക് എതിരാണ് സര്‍ക്കാറിന്‍െറ നീക്കം. ഇതിനെതിരെ തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കും. എം.ഇ.എസ് ഭാരവാഹികളായ പ്രഫ. പി.ഒ.ജെ. ലബ്ബ, അഡ്വ. എ.പി.എം. നസീര്‍, സി.ടി. സക്കീര്‍ ഹുസൈന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.