മലയോര ഹൈവേ പ്രവൃത്തി നിര്‍ത്തിവെക്കില്ളെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

ശ്രീകണ്ഠപുരം: മലയോര ഹൈവേ പ്രവൃത്തി നിര്‍ത്തിവെക്കാനുള്ള തീരുമാനം പിന്‍വലിക്കുമെന്നും പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ജെയിംസ് മാത്യു എം.എല്‍.എയെ അറിയിച്ചു. കഴിഞ്ഞദിവസമാണ് മലയോര ഹൈവേ പ്രവൃത്തി നിര്‍ത്തിവെക്കാനുള്ള ഉത്തരവ് വിവാദമായത്. ഇരിക്കൂര്‍ എം.എല്‍.എ കെ.സി. ജോസഫടക്കം തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു. അതിനിടെയാണ് ജെയിംസ് മാത്യു എം.എല്‍.എ മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെ ഫോണില്‍ ബന്ധപ്പെട്ട് തീരുമാനം പരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ചത്.

തുടര്‍ന്നാണ് മുഖ്യമന്ത്രി ഉറപ്പുനില്‍കിയത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ബജറ്റില്‍ തുക നീക്കിവെക്കാതെ മലയോര ഹൈവേ പ്രവൃത്തി ടെന്‍ഡര്‍ നല്‍കുകയാണുണ്ടായതെന്നും അതിനാലാണ് പണി നിര്‍ത്താന്‍ ഉത്തരവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയോരജനതയുടെ ആശങ്ക കണക്കിലെടുത്ത് മറ്റൊരു പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ മുതല്‍ വള്ളിത്തോട് വരെയുള്ള ഹൈവേ പ്രവൃത്തി നടത്തുമെന്നും മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ഉറപ്പുനല്‍കിയതായി ജെയിംസ് മാത്യു എം.എല്‍.എ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.