ഹജ്ജ്: 900 പേര്‍ ഇന്ന് യാത്ര തിരിക്കും

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നെടുമ്പാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഹജ്ജ് ക്യാമ്പില്‍ തിരക്കേറി. ചൊവ്വാഴ്ച രണ്ട് വിമാനത്തിലായി 750 തീര്‍ഥാടകരാണ് പുണ്യഭൂമിയിലത്തെിയത്. ബുധനാഴ്ച പുറപ്പെടുന്ന 900പേരും ഇവരുടെ ബന്ധുക്കളും ചൊവ്വാഴ്ച പുറപ്പെട്ടവരുടെ ബന്ധുക്കളും സംഗമിച്ചതോടെ ക്യാമ്പില്‍ വന്‍ തിരക്കായി. ബുധനാഴ്ച ഉച്ചക്ക് ഒന്നിനാണ് ആദ്യവിമാനം. രണ്ടാം വിമാനം വൈകുന്നേരം 5.30നും തിരിക്കും. വ്യാഴാഴ്ച പുറപ്പെടുന്നവര്‍ രാവിലെ മുതല്‍ ക്യാമ്പില്‍ എത്തും. ഈ മാസം 31വരെ 900 തീര്‍ഥാടകര്‍ വീതം രണ്ട് വിമാനത്തിലായി പുറപ്പെടും. ചൊവ്വാഴ്ച ഉച്ചക്ക് പുറപ്പെട്ട വിമാനത്തില്‍ 450 തീര്‍ഥാടകരാണുണ്ടായിരുന്നത്. ഇതില്‍ 226 പേര്‍ വനിതകളാണ്. കോഴിക്കോട്ടുനിന്നുള്ളവരായിരുന്നു കൂടുതല്‍-177. മലപ്പുറത്തുനിന്ന് 135 പേരുണ്ടായിരുന്നു. കാസര്‍കോട്-41, കണ്ണൂര്‍-29, പാലക്കാട്-27, വയനാട് 14, എറണാകുളം-ഒമ്പത്, തിരുവനന്തപുരം-ആറ്, തൃശൂര്‍, കൊല്ലം-നാല് വീതം, ഇടുക്കി, കോട്ടയം-രണ്ടുവീതം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. പി.ടി. അബൂബക്കറും നാട്ടുകല്ലിങ്ങല്‍ സൈനുദ്ദീനുമായിരുന്നു തീര്‍ഥാടകര്‍ക്കൊപ്പം തിരിച്ച വളന്‍റിയര്‍മാര്‍. രാത്രി വിമാനത്തില്‍ 300 തീര്‍ഥാടകരുണ്ടായിരുന്നു. ഇതില്‍ 166 വനിതകളും 134 പുരുഷന്മാരുമാണ്. അശ്റഫ്, ഇബ്രാഹിംകുട്ടി എന്നിവരാണ് ഇവരെ അനുഗമിച്ച വളന്‍റിയര്‍മാര്‍.

സംസം വെള്ളം എത്തി

ഹാജിമാര്‍ക്കുള്ള സംസം വെള്ളം ഹജ്ജ് ക്യാമ്പില്‍ എത്തി. അഞ്ച് ലിറ്റര്‍ വീതം 4500 പേര്‍ക്കുള്ള സംസമാണ് കന്നാസുകളില്‍ എത്തിയത്. തീര്‍ഥാടനം കഴിഞ്ഞത്തെുമ്പോള്‍ ഹാജിമാര്‍ക്കിത് വിതരണം ചെയ്യും. അടുത്ത ദിവസങ്ങളിലായി ബാക്കി ഹാജിമാര്‍ക്കുള്ള സംസം എത്തും. ഇത് സിയാല്‍ അറ്റകുറ്റപ്പണി ഹാങ്കറിനോട് ചേര്‍ന്നുള്ള സ്റ്റോര്‍ ഷെഡില്‍ സൂക്ഷിക്കും. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് സംസം സൗദി എയര്‍ലൈന്‍സിന്‍െറ വിമാനത്തില്‍ എത്തിയത്. ഉടന്‍ ക്യാമ്പില്‍ എത്തിച്ചെങ്കിലും സ്റ്റോറിന്‍െറ താക്കോല്‍ ലഭിക്കാതിരുന്നതിനാല്‍ മണിക്കൂറുകളോളം പുറത്ത് കിടന്നു.

പുറപ്പെടുന്നവരില്‍ 80കാരികളായ രണ്ടുപേര്‍

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി നെടുമ്പാശ്ശേരിയില്‍നിന്ന് ബുധനാഴ്ച പുറപ്പെടുന്ന തീര്‍ഥാടകരില്‍ 80കാരികളായ രണ്ടുപേരുണ്ട്-മലപ്പുറം സ്വദേശിനി ആയിശ ബീവിയും കോഴിക്കോട് സ്വദേശിനി കദീസുമ്മയുമാണിവര്‍. മലപ്പുറം ചേലേമ്പ്രയിലെ ആയിശ ബീവിക്കൊപ്പം കുടുംബത്തിലെ മറ്റ് മൂന്നുപേര്‍ കൂടിയുണ്ട്. സഹോദരന്‍ ഹസന്‍ (70), ആയിശ ബീവിയുടെ മകള്‍ സൈനബ (57), ബന്ധു നബീസ(62) എന്നിവരാണിവര്‍.

മലപ്പുറത്തുനിന്ന് 438 പേര്‍

ബുധനാഴ്ച മലപ്പുറം ജില്ലയില്‍നിന്ന് 438 പേര്‍  ഹജ്ജിന് പുറപ്പെടും. ഹജ്ജ് ക്യാമ്പ് തുടങ്ങിയതിനുശേഷം ഒരു ജില്ലയില്‍നിന്ന് ഇത്രയും പേര്‍ ഒന്നിച്ച് പുറപ്പെടുന്നത് ഇതാദ്യമാണ്. ബുധനാഴ്ച ഒരു മണിക്കുള്ള വിമാനമാണ് മലപ്പുറം സ്വദേശികളെക്കൊണ്ട് നിറയുക. ആകെ 450 പേരാണ് ജംബോ വിമാനത്തില്‍ കയറുന്നത്. ഈ വിമാനത്തില്‍ കണ്ണൂരില്‍നിന്ന് അഞ്ചും കോഴിക്കോട്ടുനിന്ന് നാലും കാസര്‍കോട്ടുനിന്ന് മൂന്നും തീര്‍ഥാടകര്‍ ഉണ്ടാകും. വൈകുന്നേരം 5.30നുള്ള വിമാനത്തില്‍ കോഴിക്കോട്ടുകാരുടെ ആധിപത്യമായിരിക്കും -329 പേര്‍. കണ്ണൂര്‍-99, ആലപ്പുഴ-18, എറണാകുളം-രണ്ട്, തിരുവനന്തപുരം-ഒന്ന് എന്നിങ്ങനെയാണ് ജില്ല തിരിച്ച കണക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.