സ്വന്തം പേരില്‍ സര്‍ട്ടിഫിക്കറ്റ്: കാലിക്കറ്റ് സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ പരാതി

തേഞ്ഞിപ്പലം: രജിസ്ട്രാറുടെ പേരില്‍ വേണ്ട സര്‍ട്ടിഫിക്കറ്റ് സ്വന്തം ലെറ്റര്‍ പാഡില്‍ തയാറാക്കി വിദ്യാര്‍ഥിക്ക് നല്‍കിയെന്ന് ആരോപിച്ച് സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ പരാതി. കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗവും പരീക്ഷാ സ്ഥിരംസമിതി കണ്‍വീനറുമായ ഡോ. കെ.എം. നസീറിന്‍െറ പേരിലാണ് വിവാദം. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ആരോപിച്ച് ഇദ്ദേഹത്തിനെതിരെ ഇടതുസംഘടനകള്‍ ഗവര്‍ണര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി.സര്‍വകലാശാലക്കു കീഴിലെ വിവിധ കോളജുകളില്‍ പഠിച്ച പ്രബിത്ത് ബാലഗോപാലന്‍ എന്ന വിദ്യാര്‍ഥിക്ക് ബോധന മാധ്യമ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ ചൊല്ലിയാണ് വിവാദം. 1995 മുതല്‍ 2005 വരെ വിദ്യാര്‍ഥി പഠിച്ചത് ഇംഗ്ളീഷ് മീഡിയത്തിലാണെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് സര്‍ട്ടിഫിക്കറ്റ്. ലെറ്റര്‍പാഡില്‍ തയാറാക്കിയ സര്‍ട്ടിഫിക്കറ്റില്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്‍െറ ഒപ്പുമുണ്ട്. സര്‍വകലാശാലാ ഭരണവിഭാഗത്തില്‍നിന്ന് നല്‍കുന്നതാണ് ബോധന മാധ്യമ സര്‍ട്ടിഫിക്കറ്റ്. ഇതിനായി നിശ്ചിത ഫീസടച്ച് അപേക്ഷിക്കുകയും വേണം. വിദ്യാര്‍ഥി പഠിച്ച കോഴ്സും കാലയളവും പരിശോധിച്ചാണ് ഭരണവിഭാഗം സര്‍ട്ടിഫിക്കറ്റ് നല്‍കുക.

സംഭവം അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എ.കെ.പി.സി.ടി.എ വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കി. സിന്‍ഡിക്കേറ്റ് അംഗത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എംപ്ളോയീസ് യൂനിയന്‍, ചാന്‍സലറായ ഗവര്‍ണര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി.അതേസമയം, രാഷ്ട്രീയ പ്രേരിതമാണ് സംഭവമെന്നും സര്‍ട്ടിഫിക്കറ്റിന്‍െറ മാതൃക സഹിതം സെക്ഷനിലേക്ക് നല്‍കിയ ശിപാര്‍ശ കത്തിന്‍െറ ഒരുഭാഗം ഇടതുസംഘടനകള്‍ പുറത്തുവിടുകയാണുണ്ടായതെന്നും ഡോ. കെ.എം. നസീര്‍ പ്രതികരിച്ചു. പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഇടത് ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.