മെഡിക്കല്‍ പ്രവേശം: പ്രതിസന്ധി സര്‍ക്കാര്‍ മന:പൂര്‍വം സൃഷ്ടിച്ചത് -പി.ടി തോമസ്

കൊച്ചി: കേരളത്തിലെ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശപ്രതിസന്ധി സര്‍ക്കാര്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് എം.എല്‍.എ. ഇതിനുപിന്നില്‍ തെരഞ്ഞെടുപ്പ് സമയത്ത് ഇതര സംസ്ഥാന ലോബിയുമായി ഉണ്ടായ അവിശുദ്ധ ബന്ധമാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഈ പ്രതിസന്ധിക്ക് പിന്നാലെ തമിഴ്നാട്ടിലും കര്‍ണാടകയിലും മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശഫീസ് വന്‍ തോതില്‍ വര്‍ധിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ്നാട്ടില്‍ മെഡിക്കല്‍ പ്രവേശത്തിന് ക്യാപിറ്റേഷന്‍ ഫീസ് രണ്ടുലക്ഷം രൂപയാണ്. ഇതും കേരളത്തിലെ സാഹചര്യവും കൂട്ടിവായിക്കണം. രണ്ട് സ്വാശ്രയ കോളജിന് ഒരു സര്‍ക്കാര്‍ കോളജ് എന്ന നയം സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് തോമസ് ആരോപിച്ചു.
തിരുവനന്തപുരം, ഹരിപ്പാട്, പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കല്‍ കോളജുകളിലെ പ്രശ്നത്തില്‍ സര്‍ക്കാര്‍ നടപടി മൂലം സംസ്ഥാനത്തിന് വളരെയധികം മെഡിക്കല്‍ സീറ്റ് നഷ്ടമായി. ഇത് വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് നിഷേധാത്മകമാണ്. വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്നും ഉടന്‍  സര്‍വകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ചട്ടപ്രകാരം ശരിയായ നടപടികളിലൂടെ സീറ്റ് ഏറ്റെടുക്കല്‍ നടത്തിയാല്‍ അനുകൂലിക്കുമെന്നാണ് തന്‍െറ നിലപാട്. മാനേജ്മെന്‍റുകളുടെ നിഷേധാത്മക നിലപാടിനോട് യോജിപ്പില്ല. തന്‍െറ നിലപാട് സാധൂകരിക്കുന്നതാണ് കോടതിയില്‍നിന്നുണ്ടായ ഉത്തരവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.