300 ഇടങ്ങളില്‍ പാളം അപകടത്തില്‍; 74 ഇടത്ത് വേഗ നിയന്ത്രണം

കൊച്ചി: സംസ്ഥാനത്തെ റെയില്‍ പാളങ്ങളില്‍ അപകട ഭീഷണിയുടെ ചൂളം വിളി. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി മുന്നൂറിലേറെ ഇടങ്ങളില്‍ ആറു മാസം മുമ്പേ വിള്ളല്‍ കണ്ടത്തെിയിരുന്നതായി സൂചന. ഇതില്‍ ഗുരുതര വിള്ളലുള്ള 74 സ്ഥലങ്ങളില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് വേഗ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ ഭാഗങ്ങളിലൂടെ 30 കി.മീ വേഗത്തിലാവും ട്രെയിനുകള്‍ പോവുക.

തിരുവനന്തപുരം ഡിവിഷന് കീഴില്‍ 202 സ്ഥലങ്ങളിലാണ് നേരത്തേ വിള്ളല്‍ കണ്ടത്തെിയത്. ഇതില്‍ 38 ഇടത്താണ് കറുകുറ്റി അപകടത്തെ തുടര്‍ന്ന് വേഗ നിയന്ത്രണം. എറണാകുളത്തിനും ഷൊര്‍ണൂരിനുമിടയില്‍ എട്ടിടത്താണ് വേഗ നിയന്ത്രണമുള്ളത്. പാലക്കാട് ഡിവിഷന് കീഴില്‍ 36 സ്ഥലങ്ങളിലും വേഗ നിയന്ത്രണമുണ്ട്. ഇതോടെ ഈ ഭാഗങ്ങളില്‍ ട്രെയിന്‍ ഇഴഞ്ഞാവും നീങ്ങുക. എന്‍ജിനീയറിങ് വിഭാഗമാണ് വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയത്. തെക്കന്‍ ജില്ലകളില്‍ ക്രോസിങ്ങും വരുന്നതോടെ വണ്ടികള്‍ അനിശ്ചിതമായി വൈകും. ഗതാഗതം താളം തെറ്റല്‍ തുടരാനും കാരണമാകും. അതേസമയം, പാലക്കാട് ഡിവിഷന് കീഴില്‍ വേഗ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് ഒൗദ്യോഗിക സ്ഥിരീകരണമില്ല. വേഗ നിയന്ത്രണമുള്ള ഭാഗങ്ങളില്‍ പാളങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മാറ്റുന്ന ജോലികള്‍ തിങ്കളാഴ്ച തുടങ്ങി. പെര്‍മനന്‍റ് വെ ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് ഇതിന്‍െറ ചുമതല.

കറുകുറ്റിയില്‍ അപകടമുണ്ടായ ഭാഗത്തെ പാളങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുതുക്കി സ്ഥാപിക്കണമെന്ന് ഇപ്പോള്‍ സസ്പെന്‍ഷനിലായ പെര്‍മനന്‍റ് വെ ഇന്‍സ്പെക്ടര്‍ രാജു ഫ്രാന്‍സിസ് മൂന്നു തവണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, തല്‍ക്കാലം വണ്ടികള്‍ പോകട്ടെയെന്നും പാളം പുതുക്കല്‍ പിന്നീട് ചെയ്യാമെന്നുമായിരുന്നത്രേ ഉന്നത ഉദ്യോഗസ്ഥന്‍െറ വാക്കാലുള്ള മറുപടി. ട്രെയിനുകള്‍ക്ക് ഒന്നും സംഭവിക്കില്ളെന്നും എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കാമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വാക്കാല്‍ ഉറപ്പ് നല്‍കിയത്രേ. കറുകുറ്റി അപകടത്തില്‍ രാജു ഫ്രാന്‍സിനെ ബലിയാടാക്കിയെന്നാണ് റെയില്‍വേ എന്‍ജിനീയറിങ്ങ് അസോസിയേഷന്‍െറ ആരോപണം.

കാലപ്പഴക്കത്താല്‍ തേയ്മാനം വന്നും കൂടുതല്‍ സമ്മര്‍ദം മൂലവുമാണ് പാളങ്ങളില്‍ വിള്ളലും പൊട്ടലും ഉണ്ടാകുന്നത്. നിര്‍മാണ തകരാര്‍ മൂലവും ഇങ്ങനെ സംഭവിക്കാം. പുതിയ പാളങ്ങള്‍ ഇല്ളെന്ന് പറഞ്ഞാണ് ഇവ മാറ്റാത്തത്. റെയില്‍വേ ബജറ്റില്‍ കേരളത്തിന് അനുവദിക്കുന്ന ഫണ്ടിലെ കുറവും ഉദ്യോഗസ്ഥ അലംഭാവവും മറ്റൊരു കാരണമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.