പാലാ: സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനു തന്നോടു വ്യക്തിവൈരാഗ്യമുണ്ടെന്നും കരുതിക്കൂട്ടിയും ഗൂഢാലോചനയുടെ ഫലവുമായാണ് തനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതെന്നും മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെ.എം. മാണി. ബുധനാഴ്ച വൈകുന്നേരം പാലായിലെ വസതിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് മാണിയുടെ പ്രതികരണം. 50 വര്‍ഷത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള തനിക്കെതിരെ വ്യക്തിവൈരാഗ്യം മൂലമാണ് വിജിലന്‍സ് ഡയറക്ടര്‍ കേസെടുത്തത്. ജേക്കബ് തോമസ് മൈനര്‍ ഇറിഗേഷന്‍ വകുപ്പില്‍ ഡയറക്ടറായിരിക്കെ ഫിനാന്‍സ് ഇന്‍സ്പെക്ഷന്‍ വിങ്ങിന്‍െറ ശിപാര്‍ശയില്‍ ധനമന്ത്രിയായിരുന്ന താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മന്ത്രിയെന്ന നിലയില്‍ മുന്നില്‍വരുന്ന ഫയലില്‍ അന്വേഷണത്തിന് ഉത്തരവിടുക മാത്രമാണ് താന്‍ ചെയ്തത്. എന്നാല്‍, താന്‍ ജേക്കബ് തോമസിനെതിരെ നടപടി എടുപ്പിച്ചു എന്ന തെറ്റിദ്ധാരണ മൂലം വൈരാഗ്യബുദ്ധ്യാ തന്നെ തേജോവധം ചെയ്യാന്‍ കേസുകളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ചിലയാളുകളുടെ ബന്ധുവും തീക്കോയി സ്വദേശിയുമായ ജേക്കബ് തോമസ് നിരന്തരം പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്നും മാണി പറഞ്ഞു. കഴിഞ്ഞദിവസം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ ചോദ്യം ചെയ്തു. എഫ്.ഐ.ആര്‍ എടുത്തതായി മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്.
തോംസണ്‍ ഗ്രൂപ്പിന്‍െറ നികുതിവെട്ടിപ്പ് നടന്നത് ഇടതു സര്‍ക്കാറിന്‍െറ കാലത്താണ്. യു.ഡി.എഫ് സര്‍ക്കാറാണ് ഇതു കണ്ടുപിടിച്ചത്. 32 കോടിയുടെ നികുതി വെട്ടിപ്പാണ് നടന്നത്. പിഴ സഹിതം 64 കോടി അടക്കാന്‍ നിര്‍ദേശിച്ചു. ഇതിനെതിരെ അവര്‍ ഹൈകോടതിയെ സമീപിച്ചു. സ്റ്റാറ്റ്യൂട്ടറിയായി നടപടി മുന്നോട്ടുപോകാന്‍ കോടതി നിര്‍ദേശിച്ചു. മന്ത്രിയെന്ന നിലയില്‍ താന്‍ റവന്യൂ റിക്കവറിക്ക് ശിപാര്‍ശ ചെയ്തു. അവര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഫൈനല്‍ അപ്പലേറ്റ് അതോറിറ്റി റീഅസസ്മെന്‍റ് നടത്തണമെന്നു നിര്‍ദേശം വന്നു. എന്നാല്‍, ഒറിജിനല്‍ തുക തന്നെ കെട്ടിവെക്കാനാണ് താന്‍ ധനമന്ത്രിയായിരുന്ന സര്‍ക്കാര്‍ നിലപാടു സ്വീകരിച്ചത്. ഇപ്പോള്‍ വാദി പ്രതിയായി. ആയുര്‍വേദ മരുന്ന് കമ്പനിക്കാരെ വഴിവിട്ടു സഹായിച്ചെന്ന ആരോപണവും തന്നെ അപമാനിക്കാനാണ്. നിയമസഭയില്‍ ചര്‍ച്ചക്കു ശേഷവും സബ്കമ്മിറ്റിയുടെ ശിപാര്‍ശക്കു ശേഷവുമാണ് തീരുമാനമെടുത്തത്. ആരെയും വഴിവിട്ടു സഹായിക്കുന്നതിനോ രക്ഷിക്കുന്നതിനോ ശ്രമിച്ചിട്ടില്ളെന്നും മന്ത്രിക്കെതിരെ ഇങ്ങനെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതു രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാറും ഗൗരവമായി ചിന്തിക്കണമെന്നും കെ.എം. മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.