ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് 21 അംഗ രാഷ്ട്രീയകാര്യ സമിതിയെ എ.ഐ.സി.സി പ്രഖ്യാപിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ചെയര്‍മാനായ സമിതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ അംഗങ്ങളാണ്. മറ്റ് അംഗങ്ങള്‍: കെ. മുരളീധരന്‍, പി.സി. ചാക്കോ, പി.ജെ. കുര്യന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം. ഹസന്‍, കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.വി. തോമസ്, എം.ഐ. ഷാനവാസ്, കെ. സുധാകരന്‍, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, വി.ഡി. സതീശന്‍, ബന്നി ബഹ്നാന്‍, ഷാനിമോള്‍ ഉസ്മാന്‍, ടി.എന്‍. പ്രതാപന്‍, പി.സി. വിഷ്ണുനാഥ്, എം. ലിജു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദിയാണ് സമിതിയംഗങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. മുതിര്‍ന്നവര്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും സമിതിയില്‍ പ്രാതിനിധ്യം നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുനീക്കുന്നതിന് മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഹൈകമാന്‍ഡ് മുന്നോട്ടുവെച്ച മൂന്നിന നിര്‍ദേശങ്ങളില്‍ ആദ്യത്തേതാണ് രാഷ്ട്രീയകാര്യ സമിതി. കെ.പി.സി.സി തലം വരെ പുന$സംഘടന, തുടര്‍ന്ന് സംഘടനാ തെരഞ്ഞെടുപ്പ് എന്നിവയാണ് അടുത്തപടി. രാഷ്ട്രീയകാര്യ സമിതി രൂപവത്കരിക്കുന്നതിനും പുന$സംഘടനക്കും എ, ഐ ഗ്രൂപ്പുകള്‍ എതിരായിരുന്നു. എന്നാല്‍, ഹൈകമാന്‍ഡിന്‍െറ താല്‍പര്യത്തിന് വിട്ടുകൊടുക്കുകയാണ് ഒടുവില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ചെയ്തത്.

കെ.പി.സി.സി പ്രസിഡന്‍റിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ ഇതുവഴി കഴിയുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്.അതേസമയം, സമിതിയില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് മേധാവിത്വമുണ്ടെങ്കിലും അന്തിമവാക്ക് സുധീരനായിരിക്കുമെന്ന നിലയാണ്. കെ.പി.സി.സി പ്രവര്‍ത്തനം, പുന$സംഘടന, സംഘടനാ തെരഞ്ഞെടുപ്പ് എന്നിവയില്‍ രാഷ്ട്രീയകാര്യ സമിതിക്ക് മേല്‍നോട്ട ചുമതലയുണ്ടാവും.ദേശീയതലത്തില്‍ പ്രവര്‍ത്തകസമിതിയെന്ന പോലെയാണ് രാഷ്ട്രീയകാര്യ സമിതി പ്രവര്‍ത്തിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.