representative image

റബര്‍: കോട്ടയത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍

കോട്ടയം: റബര്‍ വിലത്തകര്‍ച്ചയിലും ഇറക്കുമതിയിലും നട്ടംതിരിയുന്ന കര്‍ഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലയില്‍ എല്‍.ഡി.എഫിന്‍റെ സമ്പൂര്‍ണ ഹര്‍ത്താല്‍ തുടങ്ങി. വൈകീട്ട് ആറു മണിക്ക് അവസാനിക്കുന്ന ഹര്‍ത്താലില്‍നിന്ന് പത്രം, പാല്‍, വിവാഹം, മരണം ആശുപത്രി തുടങ്ങിയവയുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. കടകമ്പോളങ്ങള്‍ അടച്ചിട്ടും വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.

റബര്‍ കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഫലം കണ്ടില്ല. ഏറ്റവുമൊടുവില്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തി റബര്‍ ഇറക്കുമതി ഒരുവര്‍ഷത്തേക്ക് നിരോധിച്ചെന്ന് പ്രഖ്യാപിച്ച ജോസ് കെ. മാണി എം.പിയും കര്‍ഷകരെ വഞ്ചിച്ചു. റബര്‍ ഇറക്കുമതി നിരോധിക്കുമെന്ന് ജോസ് കെ. മാണിക്ക് ഉറപ്പുനല്‍കിയിട്ടില്ലെന്ന് കേന്ദ്രവാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ തന്നെ വ്യക്തമാക്കിയതോടെയാണ് ജോസ് കെ. മാണിയുടെ കള്ളി പൊളിഞ്ഞതെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

എം.ജിയില്‍ ഇന്നത്തെ പരീക്ഷകള്‍ മാറ്റി

ജില്ലാ ഹര്‍ത്താലായതിനാല്‍ ബുധനാഴ്ച മഹാത്മഗാന്ധി സര്‍വകലാശാല നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതി ഇനി പറയുന്നു: അഞ്ചാം സെമസ്റ്റര്‍ ബി.പി.ഇ (സി.ബി.സി.എസ്.എസ്-അണ്ടര്‍ ഗ്രാജ്വേറ്റ്) റെഗുലര്‍ പരീക്ഷ ഫെബ്രുവരി അഞ്ചിനും ഒന്നാംവര്‍ഷ ബി.എസ്സി നഴ്സിങ് (പുതിയ സ്കീം - 2014 അഡ്മിഷന്‍ റെഗുലര്‍, 2014ന് മുമ്പുള്ള അഡ്മിഷന്‍ സപ്ളിമെന്‍ററി), ബി.എഡ് (2009ന് മുമ്പുള്ള അഡ്മിഷന്‍ മേഴ്സിചാന്‍സ്/2009 മുതല്‍ 2012 വരെ അഡ്മിഷന്‍ സപ്ളിമെന്‍ററി) പരീക്ഷകള്‍ ഫെബ്രുവരി എട്ടിനും നാലാംവര്‍ഷ ബി.ഫാം (പുതിയസ്കീം -2011 അഡ്മിഷന്‍ റെഗുലര്‍/സപ്ളിമെന്‍ററി), ബി.എ/ബി.എസ്സി/ബി.കോം/ബി.ടി.എസ് വൊക്കേഷനല്‍ മോഡല്‍ രണ്ട്-മേഴ്സിചാന്‍സ് പരീക്ഷകള്‍ ഫെബ്രുവരി ഒമ്പതിനും ഒന്നാം ഡി.ഡി എം.സി.എ (2015 അഡ്മിഷന്‍ റെഗുലര്‍, 2014 അഡ്മിഷന്‍ സപ്ളിമെന്‍ററി) പരീക്ഷകള്‍  ഫെബ്രുവരി 10നും ഒന്നാം സെമസ്റ്റര്‍ എം.ബി.എ (പുതിയസ്കീം -2015 അഡ്മിഷന്‍ റെഗുലര്‍/2012-14 അഡ്മിഷന്‍ സപ്ളിമെന്‍ററി/പഴയസ്കീം - 2010, 2011 അഡ്മിഷന്‍ - മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ഫെബ്രുവരി 20നും നടത്തും. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.