കൊച്ചി: ലക്ഷദ്വീപിലേക്കുള്ള പവന്‍ ഹാന്‍സ് ഹെലികോപ്ടര്‍ സര്‍വിസ് നടത്തിപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. പവന്‍ ഹാന്‍സ് മുംബൈ മേഖലാ ജനറല്‍ മാനേജര്‍ എസ്.കെ.ദാസ്, സാമ്പത്തിക വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി.എം. സോമനാഥന്‍, പേഴ്സനല്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എച്ച്.എന്‍. ഖഡ്, കവരത്തിയിലെ ബേസ് അസിസ്റ്റന്‍റ് ഷഹര്‍ബന്‍ മുഹമ്മദ്, നെടുമ്പാശ്ശേരിയിലെ പവന്‍ ഹാന്‍സ് ഓഫിസര്‍ വി.എ. അലക്സാണ്ടര്‍ എന്നിവര്‍ക്കെതിരെയാണ് സി.ബി.ഐ കൊച്ചി യൂനിറ്റ് കവരത്തി ജില്ലാ സെഷന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.
2008 - 2013 കാലഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പവന്‍ ഹാന്‍സിന്‍െറ ഉദ്യോഗസ്ഥര്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്. അവശ്യ ഘട്ടങ്ങളില്‍ ലക്ഷദ്വീപില്‍നിന്ന് കൊച്ചിയിലേക്കും തിരിച്ചും സര്‍വിസ് നടത്താനായി കേന്ദ്ര സര്‍ക്കാര്‍ പവന്‍ ഹാന്‍സിന്‍െറ രണ്ട് ഹെലികോപ്ടറുകളാണ് അനുവദിച്ചത്. ഈ ഹെലികോപ്ടറുകള്‍ സര്‍വിസ് നടത്തിയിരുന്നതിന്‍െറ പണം നല്‍കിയത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനാണ്.
എന്നാല്‍, ഹെലികോപ്ടറുകള്‍ വന്നിറങ്ങുന്നതിന്‍െറ കൊച്ചിയിലെയും ലക്ഷദ്വീപിലെയും എയര്‍പോര്‍ട്ടിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ചാര്‍ജുകള്‍ പവന്‍ ഹാന്‍സാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് നല്‍കിയത്. സര്‍വിസുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടിയും എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയ പണം ഉയര്‍ത്തി കാട്ടിയുമാണ് പവന്‍ ഹാന്‍സ് അധികൃതര്‍ തട്ടിപ്പ് നടത്തിയത്. അഞ്ച് വര്‍ഷക്കാലയളവില്‍ മാത്രം ഒന്നര കോടിയിലേറെ രൂപയുടെ അഴിമതി നടന്നതായാണ് സി.ബി.ഐ പ്രാഥമിക അന്വേഷണത്തിലെ കണ്ടത്തെല്‍.
കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി സംശയമുണ്ടെന്ന് സി.ബി.ഐ അധികൃതര്‍ വ്യക്തമാക്കി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന് അഴിമതിയില്‍ പങ്കുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
പവന്‍ ഹാന്‍സിന്‍െറ ചീഫ് വിജിലന്‍സ് ഓഫിസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസെടുത്തത്. പവന്‍ ഹാന്‍സിന്‍െറ കണക്കിനെക്കാള്‍ കൂടുതല്‍ തട്ടിപ്പ് നടന്നിരിക്കാമെന്ന് സി.ബി.ഐ പറഞ്ഞു.
കൂടുതല്‍ അന്വേഷണത്തിന് സി.ബി.ഐ ഇന്‍സ്പെക്ടര്‍ പി.എ. അബ്ദുല്‍ അസീസിന്‍െറ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച ലക്ഷദ്വീപിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.