മുന്നണിയെ നയിക്കാന്‍ വി.എസിന്‍െറ പക്വതയും പ്രായവും പ്രയോജനപ്പെടുത്തണം –കാനം’

തൃശൂര്‍: മുന്നണിയെ നയിക്കാന്‍ വി.എസ്. അച്യുതാനന്ദന്‍െറ പ്രായവും പക്വതയും പ്രയോജനപ്പെടുത്തണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനകീയയാത്രയുമായി തൃശൂരിലത്തെിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
വി.എസിനെ മുഖ്യമന്ത്രിയാക്കാന്‍ അനുവദിക്കില്ളെന്ന ചിലരുടെ നിലപാടിന് അടിസ്ഥാനമില്ല. പ്രായവും പക്വതയും പാരമ്പര്യവും മാനിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ. അദ്ദേഹത്തിന്‍െറ പ്രായവും പക്വതയും മുന്നണിക്ക് പ്രയോജനം ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതാണ് എല്‍.ഡി.എഫിന്‍െറ കീഴ്വഴക്കം. അക്കാര്യം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയതാണ്. എല്‍.ഡി.എഫ് നേതൃത്വത്തിന് മുന്നില്‍  വി.എസ്. അച്യുതാനന്ദന്‍ തന്നെയുണ്ടാകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
സി.പി.ഐ ഇത്തവണ കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ളെന്നും സി.പി.ഐ സ്ഥാനാര്‍ഥികളുടെ കാര്യം സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കുമെന്നും കാനം പറഞ്ഞു. മുന്നണിയിലേക്ക് ചില പാര്‍ട്ടികള്‍ വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഐ.എന്‍.എല്‍ ദീര്‍ഘകാലമായി എല്‍.ഡി.എഫുമായി സഹകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്.
മുന്നണി വിപുലീകരണം അജണ്ട വെച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ന്യൂനപക്ഷ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് സി.പി.ഐയും ഇടതു പ്രസ്ഥാനങ്ങളും. എന്നാല്‍, ന്യൂനപക്ഷ പ്രീണനമാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചിട്ടുള്ളത്.സന്ദര്‍ഭമനുസരിച്ച് എടുത്തുപയോഗിക്കുന്ന വിഷയമാണ് ലാവലിന്‍. ഇപ്പോള്‍ തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തിലാണ് അത് ഉപയോഗിക്കുന്നത്. തെളിവില്ളെന്ന് പറഞ്ഞ് സി.ബി.ഐയും കോടതിയും കുറ്റവിമുക്തരാക്കിയവരെ വീണ്ടും പ്രതിയാക്കാന്‍ നടത്തുന്ന നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് ജനങ്ങള്‍ക്കറിയാം. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങി നില്‍ക്കുന്ന സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മികവും രാഷ്ട്രീയവുമായ അവകാശം നഷ്ടപ്പെട്ടുവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ജനകീയ യാത്ര തൃശൂര്‍ ജില്ലയിലെ പര്യടനം ശനിയാഴ്ച പൂര്‍ത്തിയാക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.