ശ്രീധരന്‍ നായരില്‍നിന്ന് പണം വാങ്ങിയത് മുഖ്യമന്ത്രിക്ക് നല്‍കാന്‍ –സരിത


കൊച്ചി: മല്ളേലില്‍ ശ്രീധരന്‍ നായരില്‍നിന്ന് പണം വാങ്ങിയത് മുഖ്യമന്ത്രിക്ക് കോഴ കൊടുക്കാനായിരുന്നെന്ന് സരിത എസ്. നായര്‍. ടീം സോളാറിന്‍െറ ഡല്‍ഹിയിലെ ഓഫിസിനെന്നുപറഞ്ഞാണ് ശ്രീധരന്‍ നായരോട് 10 ലക്ഷം രൂപയുടെ ചെക് അടിയന്തരമായി മാറാന്‍ അനുവാദം ചോദിച്ചത്. മുഖ്യമന്ത്രിക്കുവേണ്ടി കോഴ കൊടുക്കാനാണ് പണം ആവശ്യപ്പെട്ടതെന്ന് ആരോടെങ്കിലും പറയാനാകുമോ. അതിനാലാണ് ഡല്‍ഹി ഓഫിസിലേക്കെന്നുപറഞ്ഞ് പണം ആവശ്യപ്പെട്ടതെന്നും സരിത വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ എസ്. ശ്രീകുമാറിന്‍െറ ക്രോസ് വിസ്താരത്തിനിടെയാണ് സരിത ഇക്കാര്യം കമീഷന്‍ മുമ്പാകെ വെളിപ്പെടുത്തിയത്.
2012 ജൂണ്‍ 30നാണ് ശ്രീധരന്‍ നായര്‍ രണ്ട് ചെക് നല്‍കിയത്. മെഗാ വിന്‍ഡ് മില്‍ പ്രോജക്ടിനായി ടീം സോളാറുമായി ധാരണാപത്രം ഒപ്പിടുന്നതിനുമുമ്പായിരുന്നു ചെക് നല്‍കിയത്. കമ്പനി രജിസ്ട്രേഷനും മറ്റുമായാണ് 15 ലക്ഷത്തിന്‍െറയും 10 ലക്ഷത്തിന്‍െറയും ചെക്കുകള്‍ നല്‍കിയത്. ആദ്യത്തേത് എറണാകുളം ഓഫിസിന്‍െറയും രണ്ടാമത്തേത് ഡല്‍ഹി ഓഫിസിന്‍െറയും ആവശ്യത്തിലേക്കാണെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രിക്ക് കോഴ നല്‍കാനാണെന്ന് പറയാനുള്ള മടികൊണ്ടാണ് ഡല്‍ഹിയില്‍ രജിസ്റ്റേര്‍ഡ് ഓഫിസ് ഇല്ലാതിരുന്നിട്ടും അങ്ങനെ പറഞ്ഞത്.
ധാരണാപത്രം പ്രകാരം ശ്രീധരന്‍ നായര്‍ ടീം സോളാറിന് രണ്ടുകോടിയോളം രൂപ പല ഘട്ടങ്ങളിലായി നല്‍കാനുണ്ട്.  ടീം സോളാറിന്‍െറ വെബ്സൈറ്റില്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പറിലാണ് തന്നെ വിളിച്ചതെന്ന ശ്രീധരന്‍ നായരുടെ മൊഴി ശരിയല്ല.
ജിക്കുമോന്‍ നമ്പര്‍ കൊടുത്തതനുസരിച്ച് ശ്രീധരന്‍ നായര്‍ അഡ്വ. അജിത് കുമാര്‍ മുഖേന ഫോണില്‍ വിളിച്ചാണ് കാണണമെന്ന് ആവശ്യപ്പെട്ടത്. ധാരണാപത്രം ഡ്രാഫ്റ്റ് ചെയ്ത് പത്തുദിവസത്തോളം കഴിഞ്ഞാണ് ശ്രീധരന്‍ നായരുമൊത്ത് മുഖ്യമന്ത്രിയെ കാണുന്നത്. 2012 ജൂലൈ ഒമ്പതിന് രാത്രി എട്ടിനുശേഷം  ശ്രീധരന്‍ നായര്‍, അഡ്വ. അജിത് എന്നിവര്‍ക്കൊപ്പമാണ് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ കണ്ടതെന്നും സരിത പറഞ്ഞു.
സരിതയുടെ ക്രോസ് വിസ്താരം ഇന്നും തുടരും. അതേസമയം, കമീഷനില്‍ തെളിവുകള്‍ നല്‍കരുതെന്ന് മുഖ്യമന്ത്രിക്കുവേണ്ടി ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടെന്ന് സരിത പറഞ്ഞ വ്യവസായി എബ്രഹാം കലമണ്ണില്‍ ചൊവ്വാഴ്ച ഹാജരായില്ല. 15ന് ഹാജരാകാന്‍ കമീഷന്‍ നിര്‍ദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.