ക്രിസ്റ്റഫര്‍ വീണ്ടുമെത്തി; വട്ടംകറങ്ങി പൊലീസും ഫയര്‍ഫോഴ്സും

തിരുവനന്തപുരം: സര്‍ക്കാര്‍ പി.എസ്.സി നിയമനം വൈകിപ്പിക്കുന്നെന്നാരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യാഭീഷണി. നെടുമങ്ങാട് സ്വദേശി ക്രിസ്റ്റഫറാണ് (40) ബുധനാഴ്ച രാവിലെ 9.30ഓടെ സെക്രട്ടേറിയറ്റിന് മുന്നിലെ കൂറ്റന്‍ മരത്തില്‍ കയറി നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്. 2015 ജനുവരിയിലും ഇയാള്‍ സമാനരീതിയില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. അന്ന് കലക്ടര്‍ ഇടപെട്ടാണ് താഴെയിറക്കിയത്. ഈ സംഭവത്തില്‍ കേസ് നിലവിലുള്ളപ്പോഴാണ് ഒരു വര്‍ഷത്തിനുശേഷം ക്രിസ്റ്റഫര്‍ വീണ്ടും സെക്രട്ടേറിയറ്റിന് മുന്നിലത്തെിയത്. രാവിലെ മുതല്‍ കലക്ടര്‍ ബിജു പ്രഭാകര്‍, ആര്‍.ഡി.ഒ, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്തത്തെി ഇയാളുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ വരാതെ, നിയമനം നല്‍കുമെന്ന് ഉറപ്പും നല്‍കാതെ താഴെയിറങ്ങില്ളെന്ന നിലപാടിലായിരുന്നു ഇയാള്‍. ഇതോടെ ഫയര്‍ഫോഴ്സ് റോഡില്‍ സേഫ്റ്റി ബെഡും ആംബുലന്‍സും തയാറാക്കി നിര്‍ത്തി. തുടര്‍ന്ന് പൊലീസ് മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും ഫോണില്‍ വിവരങ്ങള്‍ ധരിപ്പിച്ചെങ്കിലും ഇരുവരും ആലുവയിലാണെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് പൊലീസ് - ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഫോണില്‍ ഇയാളുമായി സംസാരിച്ചെങ്കിലും വഴങ്ങിയില്ല.
പിന്നീട് എം.എല്‍.എമാരായ വി. ശിവന്‍കുട്ടിയും ടി.വി. രാജേഷും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരും എത്തി അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.
11 മണിക്കൂര്‍ ക്രിസ്റ്റഫര്‍ മരത്തിന് മുകളിലിരുന്നെന്നും ആദ്യത്തെ അനുഭവം ഉള്ളതുകൊണ്ടുതന്നെ ഇത്തവണ ക്ഷീണം അകറ്റാന്‍ കുപ്പിവെള്ളവും ഗ്ളൂക്കോസും മിഠായിയും കൊണ്ടാണ് ഇയാള്‍ എത്തിയതെന്നും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.