മുസ്രിസ് പൈതൃക പദ്ധതി: ഒന്നാംഘട്ട ഉദ്ഘാടനം 26ന്

കൊടുങ്ങല്ലൂര്‍: രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ച മുസ്രിസ് പൈതൃക പദ്ധതി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. പലതവണ മാറിമറിഞ്ഞ ഉദ്ഘാടനമാണ് ഈമാസം 26ന് നടക്കുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാകും പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുക. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കെ.കെ.ടി.എം ഗവ. കോളജ് അങ്കണത്തില്‍ പണിത പൈതൃക പദ്ധതിയുടെ ആസ്ഥാനവും പ്രധാന ആകര്‍ഷകവുമായ ഇന്‍റര്‍നാഷനല്‍ റിസര്‍ച് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററാകും ഉദ്ഘാടന വേദി. വിവിധ പരിപാടികളുമായി കേരളത്തിലത്തെുന്ന രാഷ്ട്രപതി 26ന് വൈകീട്ട് നാലിന് പദ്ധതി ഉദ്ഘാടനം ചെയ്യും. കോട്ടയത്തുനിന്ന് ഹെലികോപ്ടറില്‍ കെ.കെ.ടി.എം കോളജിലെ ഹെലിപാഡില്‍ രാഷ്ട്രപതി വന്നിറങ്ങും. ഗവര്‍ണര്‍ സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ ചടങ്ങിനത്തെും.
കേന്ദ്ര സര്‍ക്കാറിന്‍െറ 42 കോടിയും സംസ്ഥാനത്തിന്‍െറ 52 കോടിയും ഉള്‍പ്പെടെ പദ്ധതിക്ക് വേണ്ടി ഇതിനകം 94 കോടി രൂപ ചെലവിട്ടു. രാജ്യാന്തര സഞ്ചാരികളെയും, പഠന, ഗവേഷകരെയും, വിനോദയാത്രികരെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ ഒന്നാം ഘട്ടമാണ് പൂര്‍ത്തിയായത്. പഴയ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിനും പറവൂരിനുമിടയിലെ ചരിത്ര സ്മാരകങ്ങളും പൈതൃകങ്ങളും ജലപാതകളുമെല്ലാം കോര്‍ത്തിണക്കുന്ന വിനോദസഞ്ചാര പദ്ധതി 2008ലാണ് നിര്‍മാണം തുടങ്ങിയത്. കൊടുങ്ങല്ലൂര്‍ മേഖലയില്‍ ഇന്‍റര്‍നാഷനല്‍ റിസര്‍ച് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍റര്‍, ചേരമാന്‍ ജുമാമസ്ജിദിലെ ഇസ്ലാമിക മ്യൂസിയം, ചേരമാന്‍ പറമ്പിലെ പുരാവസ്തു മ്യൂസിയം, കോട്ടപ്പുറം കായലോരത്ത് നിര്‍മിച്ച ആംഫി തിയറ്റര്‍,
ഭക്ഷണശാല, നവീകരിച്ച ചന്ത, കോട്ടപ്പുറം കോട്ടയിലെ ഡച്ച് കോട്ട, ശ്രീകുരുംബ ഭഗവതി ക്ഷേത്രം, കീഴ്ത്തളി, തിരുവഞ്ചികുളം, കോട്ടപ്പുറം കത്തീഡ്രല്‍, അഴീക്കോട് മാര്‍ത്തോമ തീര്‍ഥാടന കേന്ദ്രം എന്നിവിടങ്ങളിലെ നിര്‍മിതികളും ചരിത്ര മ്യൂസിയമാക്കിയ അഴീക്കോട് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ഭവനവുമെല്ലാം പൈതൃക പദ്ധതിയുടെ ഭാഗമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.