വാഗ്ദാനങ്ങള്‍ കോരിച്ചൊരിഞ്ഞ് സർക്കാരിന്‍റെ അവസാന ബജറ്റ്

തിരുവനന്തപുരം: പദ്ധതികളുടെ പെരുമഴ, കോടികളുടെ നീക്കിയിരിപ്പ് - ഇതായിരുന്നു യു.ഡി.എഫ് സര്‍ക്കാറിന്‍റെ അവസാന ബജറ്റിന്‍റെ സ്വഭാവം. മാണിയുടെ പകരക്കാരന്‍ മാത്രമായാണ് താന്‍ സഭയില്‍ എത്തുന്നതെന്ന് ക്ളിഫ് ഹൗസില്‍ നിന്ന് ഇറങ്ങുമ്പോള്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, അഴിമതി ആരോപണത്തിന്‍റെ കരിനിഴലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്‍റെയും ബജറ്റ് പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചു. സഭക്കകത്തെ പ്രതിഷേധത്തിനൊടുവില്‍ പ്രതിപക്ഷം ബജറ്റ് ബഹിഷ്കരിച്ച് പുറത്തിറങ്ങി. ബജറ്റ് ചോര്‍ന്നുവെന്ന് ആരോപിച്ച് ചോര്‍ന്ന കോപികള്‍ അവര്‍ മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു. സമാന്തര ബജറ്റ് അവതരിപ്പിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു.

റബര്‍ സംഭരണം, ഊര്‍ജ്ജ ലഭ്യത, സൗരോര്‍ജ്ജ പ്ളാന്‍റുകള്‍,മല്‍സ്യതൊഴിലാളികള്‍ക്കും മല്‍സ്യ ബന്ധനത്തിനും സാമ്പത്തിക സഹായം, മുല്ലപ്പെരിയാറില്‍ പുതിയ ഡാം, വിഷരഹിത പച്ചക്കറി,ശുചിത്വ കേരളം പദ്ധതി, ഭവന പദ്ധതികള്‍, ഗ്രാമവികസനം, ടൂറിസം, ക്ഷീര വികസനം, കാര്‍ഷിക കോളജുകള്‍, റോഡു വികസനം, സന്തുലിതവും സ്ഥായിയായതുമായി പ്രദേശിക വികസനം തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രധാനമായും ബജറ്റില്‍ ഉള്ളത്.

പെന്‍ഷന്‍ തുക ആയിരത്തില്‍ നിന്ന് ആയിരത്തി അഞ്ഞൂറാക്കി. എല്ലാ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും അരി സൗജന്യമായി നല്‍കും. കേരള പബ്ളിക് സര്‍വീസ് ഡെലിവറി ഇന്‍കുബേറ്റര്‍ സ്ഥാപിക്കും, ജീവന്‍ രക്ഷാ മരുന്നുകള്‍ക്കുള്ള വാറ്റ് നികുതിയില്‍ നിന്ന് നീക്കി, കാര്‍ഷികാദായ നികുതി എടുത്തു കളഞ്ഞു, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താന്‍ 10 കോടി തുടങ്ങിയവയും ബജറ്റില്‍ പ്രഖ്യാപിച്ചു.

റവന്യൂ കമ്മി 9897 കോടി രൂപയായും ധനക്കമ്മി 19971 കോടിയും ആയെന്ന് ബജറ്റിന്‍റെ ആമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പ്രതീക്ഷിക്കുന്ന റവന്യൂ വരുമാനം 84092 കോടിയും പദ്ധതി ചെലവ് 23583 കോടിയുമാണ്. റവന്യൂ ചെലവ് 99990 കോടിയായി. മൂലധന ചെലവ് 9572 കോടിയും. ജനസമ്പര്‍ക്ക പരിപാടിയിലൂടെ 158 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതീവ പ്രശ്നകലുഷിതമായിരുന്നു കെ.എം മാണിയുടെ അവസാന ബജറ്റ്. എന്നാല്‍, പ്രതിപക്ഷാംഗങ്ങളുടെ അസാന്നിധ്യത്തില്‍ ഉമ്മന്‍ചാണ്ടി തടസമില്ലാതെയാണ് ബജറ്റ് അവതരിപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.