ബജറ്റിന്‍െറ ഭാവി തെരഞ്ഞെടുപ്പ് വിധിയില്‍

തിരുവനന്തപുരം: രണ്ടുമാസം കാലാവധിയും അതില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ആഴ്ചകള്‍ മാത്രവും ബാക്കിയുള്ള സര്‍ക്കാര്‍ ബജറ്റിലൂടെ വാരിക്കോരി നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങളുടെ ഭാവി നിര്‍ണയിക്കുക അടുത്ത ജനവിധി. യു.ഡി.എഫിന് തുടര്‍ഭരണം സാധ്യമായാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാഗ്ദാനങ്ങള്‍ നടപ്പാക്കേണ്ട ബാധ്യത അവര്‍ക്കുതന്നെ കൈവരും. അതേസമയം, പരാജയപ്പെട്ടാല്‍ പുതുതായി വരുന്ന സര്‍ക്കാര്‍ ഇവയൊന്നും നടപ്പാക്കണമെന്നില്ല. അവര്‍ പുതിയ ബജറ്റ് അവതരിപ്പിക്കുകയും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യും. എന്നാല്‍, ജനപ്രിയ പ്രഖ്യാപനങ്ങളെ പൂര്‍ണമായി നിരാകരിക്കാന്‍ അവര്‍ക്കുമാവില്ല.
സര്‍ക്കാറുകളുടെ അവസാന ബജറ്റുകള്‍ എല്ലാക്കാലവും വാഗ്ദാനങ്ങള്‍ കുത്തിനിറച്ചവയായിരുന്നു. കഴിഞ്ഞ ഇടത് സര്‍ക്കാറിന്‍െറ അവസാനകാലത്ത് ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റും വ്യത്യസ്തമായിരുന്നില്ല. പിന്നീട് അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ അതൊന്നും പൂര്‍ണമായി നടപ്പാക്കിയില്ല. തങ്ങള്‍ അധികാരത്തിലത്തെുമെന്ന ആത്മവിശ്വാസമാണ് കാലാവധി ബാക്കിയില്ളെങ്കിലും സമ്പൂര്‍ണ ബജറ്റവതരണത്തിന് സര്‍ക്കാറുകളെ പ്രേരിപ്പിക്കുന്നത്.  
ആരെയും വേദനിപ്പിക്കാതെ, എല്ലാവര്‍ക്കും വേണ്ടതെല്ലാം നല്‍കി തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പ്രഖ്യാപനങ്ങളാണ് ഉമ്മന്‍ ചാണ്ടി നടത്തിയത്. ബജറ്റിനെ സര്‍വതലസ്പര്‍ശിയെന്ന് വിശേഷിപ്പിക്കുകയുമാവാം. ജനങ്ങള്‍ക്ക് നേരിട്ട് അനുഭവവേദ്യമാകുന്നതാണ് പ്രഖ്യാപനങ്ങളേറെയും. മുന്‍കാലങ്ങളിലൊന്നും അത്ര ശ്രദ്ധിക്കാതിരുന്ന വിഭാഗങ്ങളെ പരിഗണിച്ചിട്ടുണ്ട്. ഗുരുതര സാമ്പത്തിക പ്രതിസന്ധിക്കിടയിലും 330.45 കോടിയുടെ നികുതി ഇളവുകളാണ് നല്‍കിയത്. നികുതിനിര്‍ദേശങ്ങളാവട്ടെ കാര്യമായില്ലതാനും. 1575 കോടിയുടെ പുതിയ ചെലവുകള്‍ പ്രഖ്യാപിച്ചിട്ടും 330.45 കോടിയുടെ ഇളവുകള്‍ നല്‍കിയിട്ടും 112 കോടിയുടെ അധികവരുമാനത്തിന് മാത്രമേ നടപടിയുള്ളൂ. നികുതി പിരിച്ച് വരുമാനം വര്‍ധിപ്പിക്കുമെന്ന് അവകാശപ്പെടാമെങ്കിലും ഇക്കാര്യത്തില്‍ അമ്പേ പരാജയമായ സര്‍ക്കാര്‍ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാനാവില്ല. കാര്‍ഷികമേഖലയുടെ പേരില്‍ വന്‍കിട കമ്പനികള്‍ക്കടക്കമാണ് നികുതിയിളവ് കിട്ടുന്നത്. 87 പേജ് വരുന്ന ബജറ്റ് പ്രസംഗത്തില്‍ ഏറ്റവുമാദ്യം നടപ്പാക്കുക നികുതി ഇളവുകളാണ്. അത് ഏപ്രില്‍ ഒന്നിനുതന്നെ പ്രാബല്യത്തിലാകും. പ്ളാസ്റ്റിക് സഞ്ചിക്കും പ്ളാസ്റ്റിക് കുപ്പികളിലെ പാനീയങ്ങള്‍ക്കുമാണ് അധികനികുതി ഏര്‍പ്പെടുത്തിയത്. ഇത് ആകെ 20 കോടിയായിരിക്കും. 100 കോടിയോളം രൂപ അണ്ടര്‍ വാല്വേഷന്‍ നടപടികളിലൂടെയാണ് പ്രതീക്ഷിക്കുന്നത്. അത് കിട്ടുക അത്ര എളുപ്പമല്ല.
റബറിന്‍െറ വിലസ്ഥിരതാപദ്ധതിക്കുള്ള തുക 500 കോടിയാക്കിയെങ്കിലും പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമല്ല. 300 കോടിയുടെ പദ്ധതി നടപ്പാക്കിയിട്ടും കര്‍ഷകരുടെ ദു$സ്ഥിതിക്ക് മാറ്റം വരുത്താനായിട്ടില്ല. കാര്‍ഷികമേഖലക്ക് നല്‍കുന്ന നികുതിയിളവിന്‍െറ ഗുണം യഥാര്‍ഥ കര്‍ഷകര്‍ക്ക് പലപ്പോഴും ലഭിക്കുന്നില്ല. എങ്കിലും ഏലത്തിനടക്കം നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.