കരിപ്പൂര്‍ വിമാനത്താവളത്തിന് ബജറ്റില്‍ വട്ടപ്പൂജ്യം



മലപ്പുറം: കണ്ണൂരുള്‍പ്പെടെ സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ക്കെല്ലാം ബജറ്റില്‍ തുക ഉള്‍പ്പെടുത്തിയപ്പോള്‍ കരിപ്പൂരിന് വട്ടപ്പൂജ്യം മാത്രം. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ബജറ്റില്‍ ഇടംപിടിച്ച കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇത്തവണ ഒന്നുമില്ല. വിമാനത്താവളത്തിന്‍െറ ഭാവിയെ സംബന്ധിച്ച ആശങ്ക ഉയരുന്ന പശ്ചാത്തലത്തിലാണ് കരിപ്പൂരിന് ബജറ്റിലും അവഗണന നേരിട്ടിരിക്കുന്നത്. മറ്റു വിമാനത്താവളങ്ങള്‍ക്കെല്ലാം സഹായം ലഭിക്കുമ്പോള്‍ കരിപ്പൂരിനെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് വിവിധയിടങ്ങളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിമാനത്താവളത്തെക്കുറിച്ച് ഇത്തവണ ബജറ്റില്‍ പരാമര്‍ശിക്കുക പോലും ചെയ്തില്ളെന്നത് ആരോപണത്തിന് ബലമേകുന്നു. അതേ സമയം, നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളം, തിരുവനന്തപുരം വിമാനത്താവളം, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവയുടെ അനുബന്ധ സൗകര്യങ്ങള്‍ക്കായി ബജറ്റില്‍ പണം വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിനായി 50 കോടി രൂപ വകയിരുത്തിയിരുന്നു.
ഭൂമിയേറ്റെടുക്കുന്നതിനും പുനരധിവാസപ്രവര്‍ത്തനത്തിനും വന്‍തുക അനുവദിച്ചാല്‍ മാത്രമേ വിമാനത്താവള വികസനം യാഥാര്‍ഥ്യമാകുകയുള്ളൂ. ഭൂമിയേറ്റെടുക്കല്‍ നടപടികളില്‍ ഏറെ മുന്നോട്ട് പോയെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് കരിപ്പൂരിനോട് ബജറ്റില്‍ കടുത്ത അവഗണന. വികസനത്തിന് 485 ഏക്കര്‍ ഏറ്റെടുക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടത്.  കഴിഞ്ഞ ജൂണില്‍ വിമാനത്താവളത്തില്‍ സുരക്ഷാസൈനികരും അഗ്നിശമനസേനാ വിഭാഗം ജീവനക്കാരും തമ്മില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നത് പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ ഇപ്പോഴും സൗകര്യങ്ങളില്ലാത്ത വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.