ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍ക്ക് മാത്രം സഹായം പ്രഖ്യാപിച്ചത് വിവേചനം –കാനം

ആലപ്പുഴ: ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍ക്ക് മാത്രമായി സംസ്ഥാന ബജറ്റില്‍ 31 കോടി രൂപയുടെ ഭവനനിര്‍മാണ പദ്ധതി പ്രഖ്യാപിച്ചത് വിവേചനപരമാണെന്നും ഈ നിര്‍ദേശം പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.  ഇതിനെയാണ് പ്രീണനം എന്ന് വിളിക്കുക. ഉമ്മന്‍ ചാണ്ടിയുടെ ഇത്തരം നടപടികള്‍ ജാതി-മതങ്ങളെ ഉപയോഗപ്പെടുത്തി വര്‍ഗീയ നേട്ടം ആഗ്രഹിക്കുന്നവര്‍ക്ക് ആയുധമാകുകയേ ഉള്ളൂവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങളിലെ വനിതകള്‍ക്കായി മാത്രം പദ്ധതി പ്രഖ്യാപിച്ചത് അസന്തുലിതാവസ്ഥയ്ക്ക് ഇടയാക്കും. ബജറ്റിലെ പ്രഖ്യാപനങ്ങളെല്ലാം വോട്ടിന് വേണ്ടിയുള്ളതാണ്. ഇത് വെറും  ഇടക്കാല ബജറ്റാണ്. വരാന്‍പോകുന്ന സര്‍ക്കാര്‍ യഥാര്‍ഥ ബജറ്റ് അവതരിപ്പിക്കും. അത് എല്‍.ഡി.എഫ് സര്‍ക്കാര്‍ ആയിരിക്കും. യന്ത്രവത്കരണത്തെ എതിര്‍ത്ത സമീപനം സി.പി.ഐ ഒരിടത്തും എടുത്തിട്ടില്ല.  സി.പി.എമ്മും സി.പി.ഐയും കോണ്‍ഗ്രസുമായി രാഷ്ട്രീയ ഐക്യത്തിന് സാധ്യതയില്ല. ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരെ ബദല്‍ ഉയര്‍ത്തണമെന്നാണ് ഇരുപാര്‍ട്ടികളുടെയും പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചത്. കോണ്‍ഗ്രസുമായി ഐക്യമുണ്ടാക്കി തിരിച്ചുവരാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നില്ല. അത്തരത്തില്‍ വരുന്ന പ്രചാരണമെല്ലാം വെറും വാര്‍ത്തകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.