ഇശ്റത് ജഹാന്‍ ലശ്കറെ അംഗമെന്ന വാദം യുക്തിസഹമല്ല –ആര്‍.ബി. ശ്രീകുമാര്‍

കോഴിക്കോട്: ഗുജറാത്തില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇശ്റത് ജഹാന്‍, ലശ്കറെ ത്വയ്യിബ അംഗമെന്ന ഡേവിഡ് ഹെഡ്ലിയുടെ വാദം യുക്തിസഹമല്ളെന്ന് ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍. തന്‍െറ ‘ഗുജറാത്ത് ബിഹൈന്‍ഡ് കര്‍ട്ടന്‍’ എന്ന പുസ്തകം സംബന്ധിച്ച് പീപ്ള്‍സ് എഗൈന്‍സ്റ്റ് ഫാഷിസം സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 19 വയസ്സുള്ള ഒരു പെണ്‍കുട്ടി ലശ്കറെ ത്വയ്യിബയില്‍ അംഗമാണെന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. ഇശ്റത്തിന്‍െറ കുടുംബാംഗങ്ങള്‍ക്കോ ബന്ധപ്പെട്ടവര്‍ക്കോ ഒന്നും തീവ്രവാദബന്ധമുള്ളതായി തെളിവില്ല. ഇന്ത്യ, അമേരിക്ക സര്‍ക്കാറുകള്‍ക്ക് അനുകൂലമായ മൊഴിമാത്രമേ ഹെഡ്ലി നല്‍കൂവെന്നതിനാല്‍ വെളിപ്പെടുത്തലില്‍ അസ്വാഭാവികതയില്ല.

ഗുജറാത്തില്‍ ഡി.ജി.പിയായിരുന്ന കാലത്ത് 22 മുസ്ലിംകളെ തീവ്രവാദിയെന്ന് ആരോപിച്ച് വധിക്കാന്‍ തനിക്ക് നിര്‍ദേശമുണ്ടായിരുന്നെങ്കിലും താന്‍ വിസമ്മതിക്കുകയായിരുന്നു. ഗോധ്രയില്‍ നടന്നത് പാകിസ്താന്‍ ഗൂഢാലോചനയാണെന്ന ബി.ജെ.പി വാദവും തെറ്റാണ്. ഒരു ട്രെയിനില്‍ യാത്രചെയ്ത മുസ്ലിം പെണ്‍കുട്ടിയെ കര്‍സേവകര്‍ അപമാനിച്ചു. ഇതിനോട് തദ്ദേശീയര്‍ പ്രതികരിച്ചു, ഇതാണുണ്ടായത്. പൊലീസിന്‍െറ കൃത്യമായ ഒത്താശയിലാണ് ഗുജറാത്തില്‍ കലാപം നടന്നത്. കലാപത്തിന് സാക്ഷികളായ 11 ഓഫിസര്‍മാരും പീഡനമേല്‍ക്കുന്നു.

മുസ്ലിം ഉദ്യോഗസ്ഥര്‍പോലും മോദി സര്‍ക്കാര്‍ എഴുതിക്കൊടുത്ത മൊഴിയാണ് ഏറ്റുപറഞ്ഞത്. സഞ്ജീവ് ജോഷിയും രാഹുല്‍ ശര്‍മയും താനും മാത്രമായിരുന്നു അപവാദം. മതേതര ശക്തികളുടെ നിസ്സംഗതയാണ് ബി.ജെ.പിക്ക് അവസരമൊരുക്കിയത്. സോണിയ ഗാന്ധി ഇഹ്സാന്‍ ജാഫരി, സകിയ ജാഫരിയെ കാണാന്‍ വന്നപ്പോള്‍ തടഞ്ഞത് കോണ്‍ഗ്രസുകാരായിരുന്നു. 2004ല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, പുതിയ കമീഷനെ നിയോഗിക്കാനും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടെങ്കിലും നിരാകരിച്ചു.

ഗോധ്രയിലുണ്ടായിരുന്ന പൊലീസുകാരുടെ മൊഴി സംഭവത്തില്‍ ഇതുവരെ സര്‍ക്കാര്‍ എടുത്തിട്ടില്ല. നാനാവതി കമീഷന്‍, മുലായം സിങ്ങിനും അഖിലേഷ് യാദവിനുമെല്ലാം ഇക്കാര്യമെഴുതിയിട്ടും ഒന്നും ചെയ്തില്ല. എന്നാല്‍, കലാപകാലത്ത് ഇരകള്‍ക്ക് അഭയംനല്‍കിയ നിരവധി ഹിന്ദു കുടുംബങ്ങളുണ്ട്. ശാബാനു കേസിലെ മുസ്ലിംകളെ പ്രീണിപ്പിക്കാന്‍ രാജീവ് ഗാന്ധി എടുത്ത നിലപാടാണ് പിന്നീട് ഇന്ത്യയാകമാനം വളരാന്‍ ബി.ജെ.പിക്ക് അവസരം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കെ. ഷാഹിന അധ്യക്ഷത വഹിച്ചു. ഡോ. എം.എന്‍. കാരശ്ശേരി, എന്‍.പി. ചെക്കുട്ടി, വി.പി. സുഹറ, അഡ്വ. പി.എ. പൗരന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീജിത്ത് സ്വാഗതം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.