സംഘ്പരിവാര്‍ മാര്‍ച്ചില്‍ സംഘര്‍ഷം; 100ഓളം പേര്‍ അറസ്റ്റില്‍


തൃപ്പൂണിത്തുറ: സംഘ്പരിവാറിന്‍െറ നേതൃത്വത്തില്‍ ദലിത് പീഡന വിരുദ്ധ സമര സമിതി ചൊവ്വാഴ്ച തൃപ്പൂണിത്തുറയില്‍ നടത്തിയ സി.ഐ ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. വനിതകളടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു. 100ഓളം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കലാപഠന കേന്ദ്രമായ തൃപ്പൂണിത്തുറ ഗവ. ആര്‍.എല്‍.വി കോളജില്‍ ദലിത് വിദ്യാര്‍ഥിനി ആത്മഹത്യാശ്രമം നടത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടന്നത്.
ആത്മഹത്യാ ശ്രമത്തിന് പിന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്നാണ് സമരസമിതിയുടെ ആരോപണം. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും നടുറോഡില്‍ ഏറ്റുമുട്ടുകയായിരുന്നു. റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകര്‍ പൊലീസിനെ തള്ളിമാറ്റി മുന്നോട്ടുനീങ്ങാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്.
പരിക്കേറ്റ മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് രേണു സുരേഷ്, ജില്ലാ പ്രസിഡന്‍റ് സഹജ ഹരിദാസ്, ജില്ലാ വൈസ് പ്രസിഡന്‍റ് സരള പൗലോസ്, ജലജ ആചാര്യ, കുമാരി അയ്യപ്പന്‍ എന്നിവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11.15ഓടെ സ്റ്റാച്യു ജങ്ഷനില്‍ സംഘടിച്ചാണ് സമരക്കാര്‍ ഹില്‍ പാലസ് സി.ഐ ഓഫിസിലേക്ക് നീങ്ങിയത്. മാര്‍ച്ച് കിഴക്കെകോട്ട ജങ്ഷന്‍, വൈക്കം റോഡ് വഴി ഗവ. റെസ്റ്റ് ഹൗസിന് മുന്നിലത്തെിയപ്പോള്‍ പൊലീസ് തടയുകയായിരുന്നു. മാര്‍ച്ച് എ.ബി.വി.പി സംസ്ഥാന പ്രസിഡന്‍റ് കെ. ബിജു ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നേതാക്കളായ പി.ജെ. തോമസ്, സമരസമിതി കണ്‍വീനര്‍ ഇ.എന്‍. നന്ദകുമാര്‍, എ.കെ. കുഞ്ഞോല്‍, എം.എന്‍. മധു, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്‍റ് വി.ആര്‍. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. റോഡില്‍ ഒരുമണിക്കൂറോളം സമരക്കാര്‍ കുത്തിയിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ തയാറായില്ല. തുടര്‍ന്ന് റോഡില്‍നിന്ന് എഴുന്നേറ്റ സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കാന്‍ ശ്രമിച്ചതോടെ പൊലീസും സമരക്കാരുമായി ഉന്തും തള്ളുമായി. വനിതകളടക്കമുള്ള സമരക്കാരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്വഭാവഹത്യ നടത്തി അപമാനിച്ചെന്ന് ആരോപിച്ചാണ് ദലിത് വിദ്യാര്‍ഥിനി ആത്മഹത്യാശ്രമം നടത്തിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.