വടകര: നര്‍മത്തില്‍ ചാലിച്ച നാട്ടുമൊഴിയുടെ വേറിട്ട ഭാഷയില്‍ കഥപറഞ്ഞ മലയാളത്തിന്‍െറ പ്രിയ സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍മാനുമായ അക്ബര്‍ കക്കട്ടില്‍ (61) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏറെ വായിക്കപ്പെട്ട ചെറുകഥകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ അദ്ദേഹം രണ്ടു നോവലുകളും രചിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരിയല്‍ രംഗത്തും പ്രവര്‍ത്തിച്ചു. ഏറെക്കാലം അധ്യാപകനായിരുന്ന അക്ബറിന്‍െറ അധ്യാപക കഥകളും പ്രശസ്തമാണ്.
കക്കട്ടിലില്‍ പി. അബ്ദുല്ലയുടെയും സി.കെ. കുഞ്ഞാമിനയുടെയും മകനായി 1954 ജൂലൈ ഏഴിനാണ് അക്ബര്‍ ജനിച്ചത്. 54 പുസ്തകങ്ങള്‍ രചിച്ചു. സ്കൂള്‍ ഡയറി എന്ന ഉപന്യാസ സമാഹരത്തിനും വടക്കുനിന്നൊരു കുടുംബവൃത്താന്തം എന്ന നോവലിനും കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചു. 98ല്‍ മികച്ച നോവലിന് (സ്ത്രൈണം) ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, 2000ത്തില്‍ മികച്ച കഥാകൃത്തിനുള്ള ടെലിവിഷന്‍ അവാര്‍ഡ്, 92ല്‍ സാഹിത്യത്തിനുള്ള ഇന്ത്യാഗവണ്‍മെന്‍റിന്‍െറ ഫെലോഷിപ്പും ലഭിച്ചു.
അങ്കണം അവാര്‍ഡ്, എസ്.കെ. പൊറ്റക്കാട്ട് അവാര്‍ഡ്, സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയല്‍ അവാര്‍ഡ്, അബൂദബി ശക്തി അവാര്‍ഡ്, രാജീവ് ഗാന്ധി പീസ് ഫൗണ്ടേഷന്‍ അവാര്‍ഡ്, ഗ്രാമദീപം അവാര്‍ഡ്, ടി.വി. കൊച്ചുബാവ അവാര്‍ഡ്, വി. സാംബശിവന്‍ പുരസ്കാരം, ഗള്‍ഫ് മലയാളി ഡോട്ട് കോം അവാര്‍ഡ്, വൈസ്മെന്‍ ഇന്‍റര്‍നാഷനല്‍ എക്സലന്‍സ് അവാര്‍ഡ്, ദുബൈ പ്രവാസി ബുക് ട്രസ്റ്റ് അവാര്‍ഡ്, കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍െറ പ്രഥമ അക്കാദമിക് കൗണ്‍സില്‍ അവാര്‍ഡ് എന്നിവയാണ് മറ്റു പ്രധാന അംഗീകാരങ്ങള്‍. നാഷനല്‍ ബുക് ട്രസ്റ്റിന്‍െറയും സംസ്ഥാന ഗവണ്‍മെന്‍റിന്‍െറയും മലയാളം ഉപദേശസമിതികള്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ മാസികയായ അക്ഷരകൈരളി പത്രാധിപ സമിതി, കേന്ദ്രഗവണ്‍മെന്‍റിന്‍െറ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപണ്‍ സ്കൂളിന് (എന്‍.ഐ.ഒ.എസ്) കരിക്കുലം കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു.
കേന്ദ്ര സര്‍ക്കാറിന്‍െറ സൗത് സോണ്‍ കള്‍ചറല്‍ സെന്‍റര്‍ ഭരണസമിതി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, കരിക്കുലം സ്റ്റിയറിംങ് കമ്മിറ്റി, സംസ്ഥാന ടെലിവിഷന്‍ ജൂറി, സംസ്ഥാന സിനിമാ ജൂറി, എഴുത്തച്ഛന്‍ പുരസ്കാരസമിതി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡൈ്വസറി ബോര്‍ഡ്, പ്രഥമ എജുക്കേഷന്‍ റിയാലിറ്റി ഷോയായ ഹരിതവിദ്യാലയത്തിന്‍െറ പെര്‍മനെന്‍റ് ജൂറി, കേരള ലളിതകലാ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശകസമിതി എന്നിവയില്‍ അംഗമായിരുന്നു. കേരള സാഹിത്യഅക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗം കണ്‍വീനര്‍, കോഴിക്കോട് മലയാളം പബ്ളിക്കേഷന്‍സ്, ഒലീവ് പബ്ളിക്കേഷന്‍സ് എന്നിവയുടെ ഓണററി എഡിറ്ററുമായിട്ടുണ്ട്. നാദാപുരം, ശ്രീപ്രിയയുടെ ആധികള്‍, അധ്യാപക കഥകള്‍, ഈവഴി വന്നവര്‍, ഒരു വായനക്കാരിയുടെ ആവലാതികള്‍, സ്കൂള്‍ ഡയറി, അധ്യയനയാത്ര, പാഠം മുപ്പത് അധ്യാപക കഥകള്‍, ആറാം കാലം, സര്‍ഗസമീക്ഷ, അനുഭവം ഓര്‍മ യാത്ര, വരു അടൂരിലേക്ക് പോകാം, വീടിന് തീ പിടിക്കുന്നു, ആകാശത്തിന്‍െറ അതിരുകള്‍, 2011ലെ ആണ്‍കുട്ടി, മേധാശ്വം, മൃത്യുയോഗം, രണ്ടും രണ്ട്, പാഠം മുപ്പത്, മൈാലഞ്ചിക്കാറ്റ് തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
ഒൗദ്യോഗിക ബഹുമതികളോടെ കക്കട്ടില്‍ ചീക്കോന്ന് ജുമുഅത്ത് മസ്ജിദില്‍ ഖബറടക്കി. ഭാര്യ: വി. ജമീല. മക്കള്‍: സിതാര, സുഹാന. മരുമക്കള്‍: ജംഷീദ്, ഷെബിന്‍ (ഇരുവരും യു.എ.ഇ). സഹോദരി: ബിയ്യാത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.