കൊച്ചിയിലും തിരുവനന്തപുരത്തും അഭിഭാഷകരുടെ പ്രതിഷേധം

കൊച്ചി\തിരുവനന്തപുരം: കനയ്യകുമാറിന്‍െറ മോചനം ആവശ്യപ്പെട്ട് കൊച്ചിയിലും തിരുവനന്തപുരത്തും അഭിഭാഷക പ്രതിഷേധം. ഹൈകോടതിയിലെ ഇടത് അഭിഭാഷക സംഘടനകളുടെ പ്രകടനത്തിന് പിന്നാലെ മറ്റൊരു വിഭാഗം അഭിഭാഷകര്‍ പരാതിയുമായി രംഗത്തത്തെി. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധപ്രകടനം സംഘര്‍ഷത്തിനിടയാക്കി.  
സംഘ്പരിവാര്‍-ഭരണകൂട ഭീകരത അവസാനിപ്പിക്കുക, കനയ്യ കുമാറിനെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് എന്നീ സംഘടനകളാണ് കൊച്ചിയില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഹൈകോടതി പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ഷണ്‍മുഖം റോഡിലൂടെ ഹൈകോടതിയോട് ചേര്‍ന്നുള്ള അഭിഭാഷകരുടെ ചേംബര്‍ വളപ്പില്‍ സമാപിച്ചു. തുടര്‍ന്ന് സംഘടനാ നേതാക്കളും സീനിയര്‍ അഭിഭാഷകരുമായ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, രഞ്ജിത് തമ്പാന്‍ എന്നിവര്‍ സംസാരിച്ചു.
അശോക് എം. ചെറിയാന്‍, പി. വി. സുരേന്ദ്രനാഥ്, എന്‍. മനോജ്കുമാര്‍, കെ.കെ. നാസര്‍ തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.
പ്രകടനം നടന്നതിന് പിന്നാലെ ഹൈകോടതി അഭിഭാഷക അസോസിയേഷന്‍െറ നിയന്ത്രണത്തിലുള്ള അഭിഭാഷകരുടെ ചേംബര്‍ വളപ്പില്‍ അസോസിയേഷന്‍െറ അനുമതിയില്ലാതെ പ്രതിഷേധ സമരം നടത്തിയതിനെതിരെ അഡ്വ. ടി.സി. കൃഷ്ണയുടെ നേതൃത്വത്തില്‍ ചിലര്‍ രംഗത്തത്തെി. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ വ്യക്തിയെ പിന്തുണച്ച് അസോസിയേഷന്‍െറ കൈവശമുള്ള ചേംബര്‍ വളപ്പില്‍ സമരം നടത്തിയത് അപലപനീയമാണ്. പ്രതിഷേധ പ്രകടനത്തിന് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കി അസോസിയേഷന്‍ നോട്ടീസ്  പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഈ വിഭാഗം അസോസിയേഷന് കത്ത് നല്‍കി.
ഈ കത്ത് ലഭിച്ചതിനെ തുടര്‍ന്നാണ് അനുമതിയില്ലാതെ ചില സംഘടനകള്‍ ചേംബര്‍ വളപ്പില്‍ പ്രതിഷേധ പ്രകടനം നടത്തിയതെന്നും ഇത് ബൈലോക്ക് വിരുദ്ധമാണെന്നും വ്യക്തമാക്കി സെക്രട്ടറി ജഗന്‍ എബ്രഹാം എം. ജോര്‍ജ് നോട്ടീസ് പുറപ്പെടുവിച്ചത്. അതേസമയം, പട്യാല കോടതിയില്‍ അഭിഭാഷകരടക്കമുള്ളവര്‍ക്കെതിരെ അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ സീനിയര്‍ അഭിഭാഷക അസോസിയേഷന്‍ പ്രതിഷേധിച്ചു.
സി.പി.എം അനുകൂല അഭിഭാഷകരെ കൈയേറ്റം ചെയ്തതിനെതിരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. കൈയേറ്റത്തില്‍ പ്രതിഷേധിച്ച് കോടതികള്‍ ബഹിഷ്കരിക്കണമെന്ന ആവശ്യത്തിനെതിരെ ബി.ജെ.പി അനുകൂലികള്‍ രംഗത്തത്തെിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ബാര്‍ അസോസിയേഷനില്‍ രാവിലെ 10.30ഓടെ ആരംഭിച്ച ജനറല്‍ ബോഡിയില്‍ ഇരുവിഭാഗങ്ങള്‍ ആരോപണ പ്രത്യാരോപണം ഉന്നയിക്കുകയായിരുന്നു. ഇതിനിടെ ബഹിഷ്കരണത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് അഭിഭാഷകസംഘടന രംഗത്തത്തെി. ജനറല്‍ ബോഡിയില്‍ കോടതി ബഹിഷ്കരണത്തെ അനുകൂലിക്കുന്നവര്‍ക്ക് ഭൂരിപക്ഷം ലഭിച്ചതോടെ ബഹിഷ്കരണ തീരുമാനം ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.പി. ജയചന്ദ്രന്‍ പ്രഖ്യാപിച്ചു. ഇടത് അഭിഭാഷകര്‍ കോടതി ബഹിഷ്കരിക്കുന്നതായുള്ള മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി.
ബാര്‍ അസോസിയേഷനില്‍ സി.പി.എം തീരുമാനം അടിച്ചേല്‍പിച്ചെന്നാരോപിച്ച് ഓഫിസ് വാരാന്തയില്‍ ബി.ജെ.പി അനുകൂലികള്‍ ധര്‍ണ നടത്തി. ഇത് അറിഞ്ഞ് ഇടത് അഭിഭാഷകര്‍ ബി.ജെ.പി-ആര്‍.എസ്.എസ് വിരുദ്ധ മുദ്രാവാക്യവുമായി രംഗത്തത്തെി. ഇരുകൂട്ടരും  മുദ്രാവാക്യങ്ങളുമായി തമ്പടിച്ചതോടെ മുതിര്‍ന്ന അഭിഭാഷകര്‍ രംഗത്തത്തെി ചര്‍ച്ച നടത്തിയതോടെയാണ് ഒരു മണിക്കൂറോളം നീണ്ട സംഘര്‍ഷാവസ്ഥ അയഞ്ഞത്. തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ കോടതികളും വ്യാഴാഴ്ച അഭിഭാഷകര്‍ ബഹിഷ്കരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.