ബാല്യകാലംമുതലേ അടക്കാനാവാത്ത വിജ്ഞാനദാഹം ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ സവിശേഷതയായിരുന്നു. അസാമാന്യമായ ഗ്രഹണശേഷി, ഓര്‍മശക്തി എന്നിവയാലും അദ്ദേഹം അനുഗ്രഹിക്കപ്പെട്ടു.  ഈ ഗുണഗണങ്ങള്‍ മനസ്സിലാക്കിയിരുന്നതുകൊണ്ടാകണം അദ്ദേഹത്തിന്‍െറ അഭിവന്ദ്യപിതാവ്  ചെറുശ്ശേരി മുഹമ്മദ് മുസ്ലിയാര്‍ മകന് പ്രവചനസ്വഭാവം നിറഞ്ഞ ഒരു ഉപദേശം നല്‍കിയത്. വെല്ലൂരിലെ ബാഖിയാത്ത് സ്വാലിഹാത് എന്ന ഇസ്ലാമിക കലാലയത്തില്‍ ചേര്‍ന്ന് പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോഴായിരുന്നു പിതാവിന്‍െറ ഉപദേശം ‘നീ ബാഖിയാത്തിലൊന്നും പോകേണ്ടതില്ല.

അവിടെ പഠനം നടത്തിയവര്‍ നിന്നെത്തേടി നിന്‍െറ അരികിലത്തൊതിരിക്കില്ല’ -പിതാവിന്‍െറ ഈ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ പുലര്‍ന്നു. ബാഖിയാത്തിലും ഇതര പുകള്‍പെറ്റ സ്ഥാപനത്തിലുംനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയവര്‍ അദ്ദേഹത്തെത്തേടി എത്തിക്കൊണ്ടിരുന്നു. മുഹമ്മദ് മുസ്ലിയാരുടെ ഏക മകന്‍ സൈനുദ്ദീന്‍ മുസ്ലിയാരുടെ നാമധേയം അങ്ങനെ കേരളത്തിനകത്തും പുറത്തും ഖ്യാതിനേടി. അദ്ദേഹം പണ്ഡിതാഗ്ര കേസരിയായി അംഗീകാരങ്ങള്‍ നേടി.

ഇസ്ലാമിക കര്‍മശാസ്ത്ര (ഫിഖ്ഹ്) മേഖലയിലും ഇതര വൈജ്ഞാനിക ശാഖകളിലും സ്വന്തമാക്കിയ അവഗാഹം സമുദായസേവനത്തിനായി വിനിയോഗിച്ച കര്‍മയോഗിയായിരുന്നു അദ്ദേഹം. പള്ളികളില്‍ ദര്‍സ് നടത്തിയും കലാലയങ്ങളുടെ സാരഥിയായും പണ്ഡിതസഭയുടെ തലപ്പത്തിരുന്നും മഹല്ലുകളുടെ ഖാദി സ്ഥാനങ്ങള്‍ വഹിച്ചും വിശ്രമമില്ലാത്ത സേവനം നടത്തുമ്പോള്‍ അദ്ദേഹം രോഗങ്ങള്‍പോലും അവഗണിച്ചു. പൊതുസദസ്സില്‍ പ്രഭാഷണം നടത്താനും വിജ്ഞാനം തേടിയത്തെുന്നവര്‍ക്കായി ക്ളാസുകള്‍ നടത്താനും അദ്ദേഹം ദീര്‍ഘയാത്രകള്‍ നടത്തി.നിരവധി പണ്ഡിതര്‍ പിറവിയെടുത്ത തറവാട്ടിലായിരുന്നു സൈനുദ്ദീന്‍ മുസ്ലിയാരുടെ ജനനം.

പിതാവ് മുഹമ്മദ് മുസ്ലിയാരുടെ പിതാവ് സൈനുദ്ദീന്‍ മുസ്ലിയാരും അദ്ദേഹത്തിന്‍െറ പിതാവ് കുഞ്ഞാമുട്ടി മുസ്ലിയാരും പ്രഗല്ഭ പണ്ഡിതന്മാരായിരുന്നു. നാടിന്‍െറ നാനാഭാഗത്തുനിന്ന് അയച്ചുകിട്ടുന്ന ചോദ്യങ്ങള്‍ക്ക് ആധികാരികമായി മറുപടി തയാറാക്കുന്നതിന് ഫത്വ കമ്മിറ്റി ചേര്‍ന്നു നടത്താറുള്ള ചര്‍ച്ചകള്‍ ആഴമേറിയതും കൗതുകം നിറഞ്ഞതുമായിരുന്നു. ഫത്വ കമ്മിറ്റിയില്‍ സൈനുദ്ദീന്‍ മുസ്ലിയാര്‍ നടത്തുന്ന പ്രസ്താവനകള്‍ അദ്ദേഹത്തിന്‍െറ ധൈഷണിക നിലവാരവും പാണ്ഡിത്യവും പ്രതിഫലിപ്പിച്ചു. ‘സുന്നി അഫ്കാര്‍’ വാരിക തുടങ്ങുന്ന  കാലത്ത് അതിന്‍െറ മാനേജറായും എസ്.കെ.എസ്.എസ്.എഫിന്‍െറ പ്രാരംഭകാലത്ത് (1989) ഓഫിസ് സെക്രട്ടറിയായും സേവനമനുഷ്ഠിക്കാന്‍ ഈയുള്ളവന് അവസരം ലഭിച്ചു.

കോഴിക്കോട് ഓഫിസില്‍ ചേരുന്ന ഫത്വ കമ്മിറ്റിയില്‍ ചോദ്യങ്ങള്‍ വായിക്കാനും ഉത്തരം എഴുതിയെടുക്കാനും ഇ.കെ. അബൂബക്കര്‍ മുസ്ലിയാരുടെ നിര്‍ദേശപ്രകാരം ഫത്വ കമ്മിറ്റി ചേരുന്ന ഹാളില്‍ എനിക്ക് പ്രവേശം ലഭിച്ചിരുന്നു. പരേതനായ ഇ.കെ. അബൂബക്കര്‍ മുസ്ലിയാരുടെ  നേതൃത്വത്തില്‍ പ്രമുഖ പണ്ഡിതരായ കെ.വി. ഉസ്താദ്, കെ.കെ. ഹസ്രത്ത്, അണ്ടോണ അബ്ദുല്ല മുസ്ലിയാര്‍, കെ.സി. ജമാലുദ്ദീന്‍ മുസ്ലിയാര്‍, ടി.കെ.എം. ബാവ മുസ്ലിയാര്‍ തുടങ്ങിയ പ്രമുഖര്‍ക്കിടയില്‍ സൈനുദ്ദീന്‍ മുസ്ലിയാര്‍ തികച്ചും ശ്രദ്ധേയനായിരുന്നു.

ചില പ്രധാന ചോദ്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്ത് അതിനാവശ്യമായ ‘നഖ്ലുകള്‍’ (ഗ്രന്ഥങ്ങളിലെ ഉദ്ധരണികള്‍) കണ്ടത്തെി അടുത്ത സിറ്റിങ്ങില്‍ അവതരിപ്പിക്കാന്‍  ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ ചെറുശ്ശേരി ഉസ്താദിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. അദ്ദേഹത്തിന്‍െറ അന്വേഷണതൃഷ്ണയിലും പാണ്ഡിത്യത്തിലും ആ സദസ്സ് പൂര്‍ണവിശ്വാസം പ്രകടിപ്പിച്ചിരുന്നത് നേരില്‍കാണാന്‍ എനിക്ക് നിരവധിതവണ അവസരം ലഭിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.