കൊച്ചി: ബംഗളൂരു സ്ഫോടന കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്നാം പ്രതിയായ തസ്ലിമിന്‍െറ ജാമ്യാപേക്ഷ കോടതി തള്ളി. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി 180 ദിവസമായി ഉയര്‍ത്തുകയും ചെയ്തു.
90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കസ്റ്റഡി കാലാവധി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആര്‍.നാരായണ പിഷാരടിയുടെ ഉത്തരവ്.
പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ തുടരന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. രണ്ടാം പ്രതി പെരുമ്പാവൂര്‍ അല്ലപ്ര പൂത്തിരി ഹൗസില്‍ ഷഹനാസ് എന്ന അബ്ദുല്ലയുടെ ജാമ്യാപേക്ഷ 24ന് പരിഗണിക്കാനായി മാറ്റി.
ഷഹനാസിന്‍െറ കസ്റ്റഡി കാലാവധിയും ഉയര്‍ത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, തന്നെ ഒരു ദിവസം നിയമവിരുദ്ധമായി കസ്റ്റഡിയില്‍ സൂക്ഷിച്ചുവെന്നും ഇതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഇതിന്‍െറ തെളിവിലേക്കായി നോര്‍ത് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് ഷഹനാസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹരജി ജാമ്യാപേക്ഷക്കൊപ്പം കോടതി പരിഗണിക്കും.
പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ പി.കെ. സജീവനാണ് ഹാജരായത്. മൂന്ന് മാസം മുമ്പ് നസീറിനെ കോലഞ്ചേരി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ പൊലീസ് വാഹനത്തെ പിന്തുടര്‍ന്ന ഷഹനാസിനെ നോര്‍ത് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നാണ് പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷമുള്ള പരിശോധനയില്‍ ഇയാളില്‍നിന്ന് രഹസ്യ കോഡുള്ള കത്തുകളും ഇമെയില്‍ അയച്ചതിന്‍െറ വിശദാംശങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. അന്വേഷണത്തില്‍ നസീറുമായുള്ള ബന്ധവും ഷഹനാസ് വെളിപ്പെടുത്തി. സഹായംതേടി വിദേശത്തേക്ക് ഇ-മെയില്‍ അയച്ചതിന്‍െറ വിവരങ്ങള്‍ ലഭിച്ചതായാണ് പൊലീസ് പറയുന്നത്. ഇ-മെയില്‍ അയച്ചതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതി തടിയന്‍റവിട നസീറാണ്. ഷഹനാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തസ്ലിമിനെയും പൊലീസ് കണ്ണൂരില്‍നിന്ന് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.