മാണി –ജോസഫ് ഗ്രൂപ്പുകളുടെ ‘പിളര്‍പ്പ് ഭീഷണി’ കൂടുതല്‍ സീറ്റ് തരപ്പെടുത്താന്‍

കോട്ടയം: ‘പിളര്‍പ്പ് ഭീഷണി’ നല്‍കി നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ തരപ്പെടുത്താനാണ് കേരള കോണ്‍ഗ്രസിലെ മാണി-ജോസഫ് ഗ്രൂപ്പുകളുടെ നീക്കമെന്ന് സൂചന. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യു.ഡി.എഫില്‍ പ്രതിസന്ധിയുണ്ടാക്കാന്‍ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് തയാറാവില്ളെന്ന് മനസ്സിലാക്കി പരമാവധി സീറ്റുകള്‍ നേടിയെടുക്കുകയാണ്  ലക്ഷ്യം. നിലവിലെ നാലു സീറ്റുകള്‍ക്ക് പുറമെ രണ്ടെണ്ണം കൂടി വേണമെന്ന് മന്ത്രി പി.ജെ. ജോസഫ് ആവശ്യപ്പെട്ടതും യു.ഡി.എഫുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന് മാണി മറുപടി നല്‍കിയതും ഇതിന്‍െറ ഭാഗമായാണെന്ന് വിലയിരുത്തപ്പെടുന്നു.

വ്യാഴാഴ്ച തിരുവനന്തപുരത്ത് മാണിയും ജോസഫും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷവും പാര്‍ട്ടിയിലെ സീറ്റ് കലഹം പരിഹരിക്കാനാകാത്ത വിധം വഷളാകുന്നെന്ന സൂചനകളാണ് പുറത്തുവരുന്നത്. എന്നാല്‍, വിഷയത്തില്‍ ഇടപെടാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇനിയും തയാറായിട്ടില്ല. പാര്‍ട്ടി പിളരുമെന്ന സൂചന നല്‍കുന്നതിനെ ആസൂത്രിത നീക്കമായാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. ജോസഫുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുകൂലമായി പ്രതികരിക്കാതിരുന്നതും ഈ നീക്കം മുന്നില്‍ കണ്ടാണ്. യു.ഡി.എഫ് ഘടകകക്ഷികളും വിഷയത്തോട് പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും മനസ്സിലിരിപ്പ് എന്താണെന്ന് അറിയാമെന്നതിനാല്‍ തല്‍ക്കാലം ഒരിടപെടലും വേണ്ടെന്നാണ് കക്ഷി നേതാക്കളുടെ തീരുമാനം. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന മുന്നറിയിപ്പ് നല്‍കി വിഷയത്തില്‍ ഇടപെട്ട് കൈയിലിരിക്കുന്ന സീറ്റുകള്‍ കൂടി നഷ്ടപ്പെടുത്തേണ്ടന്നും ഇവര്‍ കണക്കുകൂട്ടുന്നു.കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസിന് 15 സീറ്റുകള്‍ നല്‍കി. ഇതില്‍ നാലിടത്ത് മത്സരിച്ച ജോസഫ് വിഭാഗം മൂന്നിടത്തും പത്തിടത്ത് മത്സരിച്ച മാണി വിഭാഗം ആറിടത്തും ജയിച്ചു. പൂഞ്ഞാര്‍ പി.സി. ജോര്‍ജിന് മുന്നണി നല്‍കിയതാണ്. ഇത്തവണ ഇതടക്കം കൂടുതല്‍ സീറ്റുകള്‍ തരപ്പെടുത്താനാണ് ശ്രമം.

പൂഞ്ഞാറിന് പുറമെ പത്തനാപുരം, പുനലൂര്‍, തിരുവനന്തപുരം സീറ്റുകളിലാണ് കേരള കോണ്‍ഗ്രസിന്‍െറ കണ്ണ്. ആര്‍. ബാലകൃഷ്ണപിള്ള യു.ഡി.എഫ് വിട്ട സാഹചര്യത്തില്‍ പത്തനാപുരം സീറ്റ് തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് ഇവര്‍ വാദിക്കുന്നു.
 20-22 സീറ്റുകളാണ് അവര്‍ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ പാര്‍ട്ടി ഈ നിലപാടെടുത്തതായി പ്രമുഖ നേതാക്കളും പറയുന്നു.  പരമാവധി സീറ്റുകള്‍ തരപ്പെടുത്താന്‍ ബാഹ്യ ഇടപെടലുകളും പാര്‍ട്ടി നടത്തുന്നുണ്ട്. സഭകളുടെ ഇടപെടലിന് പുറമെ റബര്‍ സമരമടക്കം നടത്തിയതും ഇതിന്‍െറ ഭാഗമായിട്ടാണ്. അതേസമയം, ജോസഫ് വിഭാഗത്തിന്‍െറ തിരക്കിട്ട നീക്കത്തില്‍ തനിക്കുള്ള അതൃപ്തിയും മാണി പ്രകടിപ്പിച്ചതായാണ് വിവരം. ഡല്‍ഹിയില്‍ ധര്‍ണ നടന്ന അതേദിവസം പാര്‍ട്ടി പിളര്‍പ്പിലേക്കെന്ന വിധം വാര്‍ത്ത പ്രചരിപ്പിച്ചതാണ് ചൊടിപ്പിച്ചത്. ജോസഫുമായുള്ള കൂടിക്കാഴ്ചയില്‍ നീക്കം അനവസരത്തിലായെന്നും സീറ്റ് ചര്‍ച്ച നടത്തേണ്ടത് പാര്‍ട്ടി വേദിയിലാണെന്നും മാണി തുറന്നടിച്ചു.

ജോസഫിന്‍െറ നിലപാടില്‍  പ്രതിഷേധമുണ്ടെന്നും പാര്‍ട്ടി പിളര്‍പ്പിലേക്ക് എന്ന വിധം വാര്‍ത്ത പ്രചരിച്ചതിനാല്‍ ഡല്‍ഹി ധര്‍ണയുടെ പ്രസക്തി നഷ്ടപ്പെടുത്തിയെന്നും മാണി പ്രതികരിച്ചു. അതേസമയം,  നിലപാടില്‍ മാറ്റമില്ളെന്നും അല്ലാത്തപക്ഷം പാര്‍ട്ടിയിലെ പല പ്രമുഖരും ഇടതു മുന്നണിക്കൊപ്പം പോകുമെന്നും ജോസഫ് മാണിയെ ധരിപ്പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.