ഹജ്ജ്: നാലാംതവണ അപേക്ഷിച്ചവരും പടിക്കുപുറത്തുതന്നെ

കോഴിക്കോട്: സംസ്ഥാനത്തുനിന്ന് തുടര്‍ച്ചയായി നാലാംതവണ അപേക്ഷിച്ചവര്‍ക്കുപോലും ഇത്തവണ ഹജ്ജിന് അവസരം ലഭിക്കാനിടയില്ല. കേരളത്തില്‍നിന്ന് ഇത്തവണ മുക്കാല്‍ ലക്ഷംപേരാണ് ഹജ്ജിന് അപേക്ഷിച്ചിരിക്കുന്നത്. ഇത് സര്‍വകാല റെക്കോഡാണ്. ഇന്ത്യയില്‍നിന്ന് ഏറ്റവുംകൂടുതല്‍ ഹജ്ജ് അപേക്ഷകരുള്ള കേരളത്തിലെ തീര്‍ഥാടകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയോ കേന്ദ്രസര്‍ക്കാറോ ഇനിയും കണ്ണുതുറന്നിട്ടില്ല. കേരളം കഴിഞ്ഞാല്‍ കൂടുതല്‍ ഹജ്ജ് അപേക്ഷകരുള്ള ഗുജറാത്തില്‍നിന്ന് ഇത്തവണ 53,500 പേരാണുള്ളത്. മഹാരാഷ്ട്രയില്‍നിന്ന് 52,000 പേരും. രാജ്യത്തെ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍നിന്ന് 50,000 പേരും ജമ്മു-കശ്മീരില്‍നിന്ന് 32,000 പേരും ആന്ധ്രപ്രദേശില്‍നിന്ന് 20,000 പേരുമാണ് ഹജ്ജ് അപേക്ഷകരായുള്ളത്. 14,000 പേര്‍ക്ക് ഹജ്ജിന് അവസരം ലഭിക്കുന്ന പശ്ചിമബംഗാളില്‍ 10,000 പേരെ അപേക്ഷകരായുള്ളൂ. പശ്ചിമബംഗാളിലെ ക്വോട്ടയില്‍ ബാക്കിയാവുന്ന 4000ത്തില്‍ ചെറിയൊരു ശതമാനം കേരളത്തിന് ലഭിച്ചേക്കും.

കഴിഞ്ഞവര്‍ഷം കേരളത്തില്‍നിന്ന് 6225 പേര്‍ക്കാണ് അവസരം ലഭിച്ചത്. ഈവര്‍ഷം 75,000 വരുന്ന അപേക്ഷകരില്‍ 1535 പേര്‍ റിസര്‍വ് കാറ്റഗറി ‘എ’യില്‍പെട്ട 70 വയസ്സ് കഴിഞ്ഞവരാണ്. ഇവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കും. 8500ഓളം പേര്‍ അഞ്ചാംതവണയും അപേക്ഷിക്കുന്ന റിസര്‍വ് കാറ്റഗറി-ബിയില്‍പെട്ടവരാണ്. ഹജ്ജ് ക്വോട്ട കൂടുതലും അപേക്ഷകര്‍ കുറവുമുള്ള സംസ്ഥാനങ്ങളില്‍ മിച്ചംവരുന്ന സീറ്റുകള്‍ ഈവര്‍ഷംമുതല്‍ അഞ്ചാംതവണ അപേക്ഷിക്കുന്നവര്‍ക്ക് നല്‍കാമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി തത്ത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ഇങ്ങനെവന്നാല്‍ അഞ്ചാംതവണ അപേക്ഷിച്ച മുഴുവന്‍പേര്‍ക്കും അവസരം ലഭിക്കും.

എന്നാല്‍, റിസര്‍വ് കാറ്റഗറിയില്‍പെട്ടവരാണെങ്കിലും നാലാംതവണ അപേക്ഷിച്ചവര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. കേരളത്തില്‍ നന്നേ കുറഞ്ഞ ഹജ്ജ് ക്വോട്ടയാണുള്ളത്. ഈ വൈരുധ്യം അവസാനിപ്പിച്ച് കേരളത്തില്‍നിന്നുള്ള ഹജ്ജ് അപേക്ഷകര്‍ക്ക് നീതിലഭ്യമാക്കാന്‍ കേരളത്തില്‍നിന്നുള്ള എം.പിമാര്‍ക്കോ സംസ്ഥാനസര്‍ക്കാറിനോ ഇനിയും കഴിഞ്ഞിട്ടില്ല. 75,000ത്തോളം അപേക്ഷകരുണ്ടായിട്ടും കേരളത്തിന്‍െറ ഹജ്ജ് ക്വോട്ട ഇപ്പോഴും 5000ല്‍ താഴെയാണ്. 2001ലെ സെന്‍സസിന്‍െറ അടിസ്ഥാനത്തിലാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇതുവരെയും സംസ്ഥാനങ്ങള്‍ക്ക് ക്വോട്ട നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഈ വര്‍ഷംതൊട്ട് അത് 2011ലെ സെന്‍സസിന്‍െറ അടിസ്ഥാനത്തിലാണ്. ഹജ്ജ് അപേക്ഷകരുടെ തോത് അനുസരിച്ചുവേണം ഓരോ സംസ്ഥാനങ്ങള്‍ക്കുമുള്ള ഹജ്ജ് ക്വോട്ട തീരുമാനിക്കേണ്ടതെന്ന മുറവിളിക്ക് പതിറ്റാണ്ടിന്‍െറ പഴക്കമുണ്ട്. കേരളത്തില്‍നിന്നു പോയ ജനപ്രതിനിധികള്‍ വിദേശകാര്യവകുപ്പിന്‍െറയും ഹജ്ജിന്‍െറയും ചുമതലവഹിച്ചെങ്കിലും അതിന്‍െറയൊന്നും ഫലം സംസ്ഥാനത്തിന് ലഭിച്ചില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.