കൊച്ചി: ഇതരസംസ്ഥാന ലോട്ടറി തട്ടിപ്പുകേസിലെ മുഖ്യപ്രതി സാന്‍റിയാഗോ മാര്‍ട്ടിന് ജാമ്യം. കേരളത്തില്‍ ഇതരസംസ്ഥാന ലോട്ടറി ടിക്കറ്റ് വിറ്റതുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ഏഴ് കേസിലാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ. കമനീസ് ജാമ്യം അനുവദിച്ചത്. രണ്ടുലക്ഷം രൂപ കെട്ടിവെക്കുകയോ അല്ളെങ്കില്‍ തുല്യതുകക്ക് ഈട് സമര്‍പ്പിക്കുകയോ ചെയ്യണം, രണ്ടുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകക്കുള്ള രണ്ടാള്‍ ജാമ്യം എന്നിവയാണ് വ്യവസ്ഥ. കൂടാതെ, പാസ്പോര്‍ട്ടുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനകം കോടതിയില്‍ കെട്ടിവെക്കണം. പാസ്പോര്‍ട്ടില്ളെങ്കില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
കേരളത്തില്‍ ഇതരസംസ്ഥാന ലോട്ടറി വില്‍പന കരാര്‍ ഏറ്റെടുത്ത ഫ്യൂച്ചര്‍ ഗേമിങ് സൊലൂഷന്‍സിന്‍െറ മാനേജിങ് ഡയറക്ടര്‍ എന്ന നിലയിലാണ് മാര്‍ട്ടിനെ സി.ബി.ഐ കേസുകളില്‍ പ്രതിചേര്‍ത്തത്.
നേരത്തേ മറ്റുപ്രതികളായ ഫ്യൂച്ചര്‍ ഗേമിങ് സൊലൂഷന്‍സിന്‍െറ ഡയറക്ടര്‍ ജോണ്‍ ബ്രിട്ടോ, കോയമ്പത്തൂര്‍ കാമരാജ് സ്ട്രീറ്റില്‍ ജോണ്‍ കെന്നഡി, മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സീസിന്‍െറ പാര്‍ട്ണര്‍ ചെന്നൈ സി.ഐ.ടി നഗര്‍ ക്രോസ് സ്ട്രീറ്റില്‍ എന്‍. ജയമുരുകന്‍, ശിവകാശി മഹാലക്ഷ്മി ഓഫ്സെറ്റ് പ്രിന്‍േറഴ്സ് മാനേജിങ് പാര്‍ട്ണര്‍ എ. ശക്തിവേല്‍, ചെന്നൈ സ്വദേശി വി. ശെല്‍വരാജ് എന്നിവര്‍ ജാമ്യമെടുത്തിരുന്നു.
ഗൂഢാലോചന, 1998ലെ കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിലെ വിവിധ വകുപ്പുകള്‍, കേരള ലോട്ടറി റെഗുലേഷന്‍ റൂള്‍സ് എന്നിവയുടെ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതിനിടെ, 23 കേസില്‍ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ച നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി വിധി പറയാന്‍ കോടതി 29 ലേക്ക് മാറ്റി. വിചാരണ നടപടികള്‍ തുടങ്ങുന്നതിന്‍െറ ഭാഗമായാണ് കോടതി മാര്‍ട്ടിന് സമന്‍സ് അയച്ച് ഹാജരാകാന്‍ നിര്‍ദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.