വാഹനാപകടം: വിശ്രമം അവഗണിച്ച് ഉമ്മന്‍ ചാണ്ടി പങ്കെടുത്തത് 28 പരിപാടികളില്‍

കോട്ടയം: വാഹനാപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചത് മൂന്നുദിവസം. ഇത് മറികടന്ന് ഞായറാഴ്ച രാവിലെ മുതല്‍ രാത്രി വരെ ജില്ലയിലെ വലുതും ചെറുതുമായി 28 പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്.
ഏറ്റുമാനൂര്‍ കാണക്കാരിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 2.45നാണ് മുഖ്യമന്ത്രി സഞ്ചരിച്ച ഇന്നോവ അപകടത്തില്‍പ്പെട്ടത്. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട ഉമ്മന്‍ ചാണ്ടിയെ പരിശോധിച്ച ജില്ലാ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് മൂന്നുദിവസത്തെ വിശ്രമം നിര്‍ദേശിച്ചത്. എന്നാല്‍, വിശ്രമം വേണ്ടെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി.
മീനടം കെ.എസ്.ഇ.ബി വൈദ്യുതി സെക്ഷന്‍ ഓഫിസിന്‍െറ ഉദ്ഘാടനമായിരുന്നു ആദ്യം. ഇതിനിടെ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി ഭീഷണിയത്തെുടര്‍ന്ന് വന്‍ പൊലീസ് സന്നാഹവും അനുഗമിച്ചു. തുടര്‍ന്ന് കൊല്ലാട് സ്കൂളിലെ പരിപാടിയും മണര്‍ക്കാട് സൈനികക്ഷേമ ഓഫിസും ആറുമാനൂരില്‍ പാലവും കഴുന്നുവലം പള്ളിയുടെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുമടക്കം നിരവധി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
കോട്ടയം നഗരത്തില്‍ മാത്രം നാല് പരിപാടികളുണ്ടായിരുന്നു. കേരള മുനിസിപ്പല്‍ കോര്‍പറേഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം, ഈരയില്‍കടവ് പാലം, നാഗമ്പടത്തെ ഇന്‍ഡോര്‍ സ്റ്റേഡിയം തുടങ്ങിയവ. പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങളിലെ ഉദ്ഘാടനങ്ങള്‍ക്കുശേഷം പാലായിലേക്കുപോയി. രാത്രി ഏറെ വൈകിയാണ് പരിപാടികള്‍ അവസാനിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.