മൂന്നാര്‍ ഇക്കാനഗറിലെ കൈയേറ്റം: ആര്‍.ഡി.ഒ റിപ്പോര്‍ട്ട് തേടി

മൂന്നാര്‍: മൂന്നാറിലെ വിവിധ വകുപ്പുകളുടെ ഭൂമികള്‍ കൈയേറിയവര്‍ക്കെതിരെ നടപടിയുമായി റവന്യൂ വകുപ്പ് രംഗത്ത്. ഇക്കാനഗര്‍, സര്‍വേ നമ്പര്‍ 912 തുടങ്ങിയ ഭൂമികള്‍ കൈയടക്കിവെച്ചിരിക്കുന്നവരുടെ റിപ്പോര്‍ട്ടുകള്‍ ഉടന്‍ ഹാജരാക്കാന്‍ ദേവികുളം ആര്‍.ഡി.ഒ സബിന്‍ സമീര്‍ തഹസില്‍ദാറോട്  ആവശ്യപ്പെട്ടു.
വൈദ്യുതി ബോര്‍ഡിന്‍െറ ഭൂമികള്‍ കൈവശപ്പെടുത്തി ചിലര്‍ വ്യാജരേഖകള്‍ ചമച്ചു നിര്‍മാണം നടത്തിവരുന്നതായും ഇതിന് ചില ഉദ്യോഗസ്ഥര്‍ സഹായം ചെയ്തുകൊടുക്കുന്നതായും ആരോപണമുണ്ടായ സാഹചര്യത്തിലാണ് ആര്‍.ഡി.ഒ കൈയേറ്റക്കാരുടെ പേരുവിവരമടങ്ങിയ റിപ്പോര്‍ട്ട് തേടിയത്. കോടതിയെ തെറ്റിദ്ധരിപ്പിച്ച് വാങ്ങിയ പേപ്പറുകള്‍ ഉപയോഗിച്ചുള്ള നിര്‍മാണങ്ങളാണ് മൂന്നാറില്‍ ഏറ്റവുമധികം നടക്കുന്നത്.
മൂന്നാര്‍ കോളനി റോഡിലെ മില്‍മ സൊസൈറ്റിക്ക് സമീപം  കടന്നുപോകുന്ന പൊതുമരാമത്തുവകുപ്പിന്‍െറ റോഡിലേക്കിറക്കി റിസോര്‍ട്ട് ഉടമ മേല്‍ക്കൂര നിര്‍മിച്ചത് നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഒരു രേഖയുമില്ലാതെ  മൂന്നുനില കെട്ടിടമാണ് ഈ രാഷ്ട്രീയ പ്രമുഖന്‍ നിര്‍മിച്ചിരിക്കുന്നത്. സംഭവുമായി ബദ്ധപ്പെട്ട് പ്രദേശവാസികള്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.
സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വിതരണം നടത്തുന്നതിന് നീക്കിയിട്ടിരുന്ന സര്‍വേ നമ്പര്‍ 912ല്‍ നൂറുകണക്കിന് അനധികൃത നിര്‍മാണങ്ങളാണ് നടന്നത്. സര്‍ക്കാര്‍ ഭൂമിയില്‍ കോട്ടേജുകള്‍ നിര്‍മിച്ച വിരുതന്മാര്‍ ലക്ഷങ്ങളാണ് ഓരോ മാസവും കൊയ്യുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.