ഞാറനീലിയിലെ കുരുന്നുകള്‍ക്ക്  പുതുവത്സരസമ്മാനവുമായി മന്ത്രിമാരത്തെി

തിരുവനന്തപുരം: പട്ടികവിഭാഗങ്ങളിലെ കുട്ടികള്‍ പഠിക്കുന്ന പാലോട് ഞാറനീലി ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്കൂളില്‍ പുതുവത്സരം ആഘോഷിക്കാനും വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ചോദിച്ചറിയാനും മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി.എസ്. ശിവകുമാറുമത്തെി. സ്കൂളിന്‍െറ ആവശ്യങ്ങള്‍ മനസ്സിലാക്കി പരിഹാരനടപടികള്‍ പ്രഖ്യാപിച്ച് വിദ്യാര്‍ഥികള്‍ക്കൊപ്പം ഉച്ചയൂണും കഴിച്ചാണ് മന്ത്രിമാര്‍ മടങ്ങിയത്. 
കായികമേഖലയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സ്കൂളില്‍ ഗ്രൗണ്ടിനായി വനംവകുപ്പില്‍ നിന്ന് ഒരു ഹെക്ടര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല ചടങ്ങില്‍ പ്രഖ്യാപിച്ചു. പുതിയ ഓഡിറ്റോറിയം നിര്‍മിക്കാനുള്ള ഫണ്ട് പട്ടികവര്‍ഗവകുപ്പില്‍ നിന്ന് അനുവദിക്കും. സ്കൂളിനായി ബൊലേറോ വാനും നല്‍കും. ഗാന്ധിഗ്രാം പദ്ധതിയില്‍ നിന്ന് രണ്ടുലക്ഷം രൂപ സ്കൂളിന് ഫിക്സഡ് ഡെപ്പോസിറ്റായി നല്‍കും. ഈ പണം ഉപയോഗിച്ച് പ്ളസ് ടുവിന് കൂടുതല്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഗാന്ധിഗ്രാം സ്കോളര്‍ഷിപ് എല്ലാവര്‍ഷവും നല്‍കാന്‍  നടപടിയെടുക്കും. പട്ടികവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിനിയോഗിക്കുന്ന തുകയുടെ ഗുണം കൃത്യമായി അവര്‍ക്ക് ലഭിക്കുന്നെന്ന് ഉറപ്പാക്കാന്‍  ശ്രമിക്കുമെന്നും ചെന്നിത്തല റഞ്ഞു. 
ഞാറനീലി സ്കൂളില്‍ സ്ഥിരം ചികിത്സാസംവിധാനമൊരുക്കാന്‍ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സിന്‍െറ സേവനം ഉറപ്പാക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ആരോഗ്യവകുപ്പിന്‍െറ ഭാഗത്തുനിന്ന് സ്കൂളിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാര്‍ഡ് ഓഫ് ഓണറോടെയാണ് സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകള്‍ മന്ത്രിമാരെയും സംഘത്തെയും വരവേറ്റത്.  കെ.എസ്. ശബരീനാഥന്‍ എം.എല്‍.എയും മന്ത്രിമാര്‍ക്കൊപ്പമത്തെിയിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം പള്ളിവിള സലീം സ്വാഗതവും പി.ടി.എ പ്രസിഡന്‍റ് പി.കെ. ഉദയകുമാര്‍ നന്ദിയും പറഞ്ഞു. മുന്‍ എം.എല്‍.എ ശരത്ചന്ദ്രപ്രസാദ്, ജില്ലാ പഞ്ചായത്തംഗം ആനാട് ജയന്‍, ബ്ളോക് പഞ്ചായത്തംഗം സുഭാഷ്, ഐ.ടി.ടി.പി പ്രോജക്ട് ഓഫിസര്‍ ബാബു, ഡി.സി.സി പ്രസിഡന്‍റ് കരകുളം കൃഷ്ണപിള്ള എന്നിവര്‍ സംബന്ധിച്ചു. 
രമേശ് ചെന്നിത്തല കുടുംബസമേതമാണ് സ്കൂളില്‍ എത്തിയത്. ഭാര്യ അനിത, മകന്‍ രമിത്ത്, ഭാര്യാസഹോദരീപുത്രി മാളവിക എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. തുടര്‍ച്ചയായി നാലാംവര്‍ഷമാണ്  ചെന്നിത്തല പട്ടികവര്‍ഗവിഭാഗങ്ങളുടെ ഊരുകളില്‍ പുതുവത്സരം ആഘോഷിക്കുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.